Saturday, March 25, 2023
HomeTRAVELഈ കാടും കടന്ന്

ഈ കാടും കടന്ന്

ഷംന. എം

പോയതൊരു ചെറിയ യാത്രയെങ്കിലും, അതേ പറ്റി പറയാതിരിക്കാന്‍ വയ്യ. വയലട, തോണിക്കടവ്‌ എന്നിവിടങ്ങളിലേക്ക് നടത്തിയ ഈ കുഞ്ഞുയാത്ര സമ്മാനിച്ചത് ഒരുപിടി മനോഹരമായ ഓർമ്മകളാണ്. വയലട അറിയാത്തവരുണ്ടാവില്ലല്ലോ… മലബാറിന്റെ ഗവി എന്നാണ് വയലടയെ വിശേഷിപ്പിക്കുന്നത്. ഓഫീസില്‍ നിന്നുള്ള ഇരുപത് പേർക്കൊപ്പമായിരുന്നു ഇത്തവണത്തെ യാത്ര. കോഴിക്കോട് ആനീഹാള്‍ റോഡിലുള്ള പ്രീമിയര്‍ പ്രിന്റേഴ്‌സിലെ ജീവനക്കാരിയാണ് ഞാൻ. സത്യത്തിൽ ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കായിരുന്നു യാത്ര. ബാലുശ്ശേരിയിലാണ് വീട്. അവിടുന്നാണ് ഈ സ്ഥലത്തേക്കൊക്കെ ഞങ്ങൾ പോയത്. ട്രിപ്പ് ഫുള്‍ ഒരുക്കാൻ മുന്നിൽ നിന്നതും സാറായിരുന്നു. ഞങ്ങള്‍ എല്ലാവരും കൂടെ രാവിലെ 7.30 ന്, ഓഫീസില്‍ നിന്ന് ഒരു ട്രാവലര്‍ വാനിലാണ് യാത്ര ആരംഭിച്ചത്. എല്ലാവരും കൂടെയുള്ള യാത്ര, അത് അടിപൊളിയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഗായകരും ഉണ്ട്‌ ട്ടോ. എല്ലാവരും ചേർന്ന് പാട്ടുപാടി ഉല്ലസിച്ച് 8.45 ആയപ്പോ സാറിന്റെ വീട്ടില്‍ എത്തി. വീട് മനോഹരമായിരുന്നു. സിംപ്ലിസിറ്റി കീപ്പ് ചെയ്തുകൊണ്ടുള്ള ഒരു നല്ല വീട്. അവിടെ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. സാര്‍ വിഭവസമൃദ്ധമായ ഭക്ഷണം തന്നെ ഞങ്ങള്‍ വേണ്ടി ഒരുക്കിയിരുന്നു. ഫുഡ് ഒക്കെ കഴിച്ചു വീടിന്റെ ഭംഗിയും ആസ്വദിച്ച്, ഏതാണ്ട് 11 മണിക്കാണ് ഞങ്ങള്‍ വയലടയ്ക്ക് പോവാന്‍ വണ്ടി കയറിയത്.

ഒരു 45 മിനിട്ടു യാത്ര. കാടും കുന്നുകളും പാറക്കെട്ടുകളിലൂടെ ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടവും കണ്ട് വയലടയിലേക്ക്. യാത്രാ വഴിയിലെ കാഴ്ച്ചകള്‍ വളരെ മനോഹരമായിരുന്നു. കുറേ പാറക്കുന്നുകളും മരങ്ങളും ഉള്ള വഴികളിലൂടെയാണ് വണ്ടി പോയത്. വയലടക്ക് എത്തുന്നതിന് മുമ്പേ മുകളില്‍ പാറക്കെട്ടിലൂടെ ഒഴുകുന്ന ഒരു അരുവി ഉണ്ട്. ചെറുതും വലുതുമായി ഒഴുകുന്ന വെള്ളച്ചാട്ടങ്ങളൊക്കെ ചേർന്ന ഒരു കൊച്ചരുവി. അവിടെ വണ്ടി നിര്‍ത്തി. ഞങ്ങള്‍ അവിടെ ഏറെ നേരം ചെലവഴിച്ചു. നല്ല ചൂടുള്ള കാലാവസ്ഥയായത് കാരണം, വെള്ളം കണ്ടപാടെ പോത്തിന്‍കൂട്ടം വെള്ളം കണ്ടാല്‍ ഓടുന്ന പോലെ എല്ലാവരും അവിടേക്ക് ഓടി. വെള്ളത്തിലൊക്കെ കുളിച്ച്, കുറച്ചു സമയം കഴിഞ്ഞ് പിന്നെയും യാത്ര തുടങ്ങി.

അങ്ങനെ വയലട സ്റ്റാർട്ടിംഗ് പോയിന്റ് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. ഒരു ചേച്ചി വന്ന് പാര്‍ക്കിംഗിനുള്ള സംവിധാനവും ചെയ്തു തന്നു. 30 രൂപയാണ് പാര്‍ക്കിംഗ് ഫീസ്. ട്രാവലര്‍ ആയതുകൊണ്ട് അവിടെ വരെയേ പോവൂ ബാക്കി ദൂരം നടന്ന് താണ്ടണം. ഏകദേശം 2 കിലോമീറ്റര്‍ ആണ് ട്രക്കിംഗ്. അങ്ങനെ വണ്ടി അവിടെ പാര്‍ക്ക് ചെയ്തു. എല്ലാവരും വെള്ളമൊക്കെ കുടിച്ചു. വെയില് നല്ലോണം ഉള്ളതുകൊണ്ട് എല്ലാവരും സേഫ്റ്റിക്ക് വേണ്ടി തൊപ്പി ഒക്കെ വെച്ച് നടക്കാന്‍ ആരംഭിച്ചു. അവിടുള്ള വയലട ട്രക്കിംഗ് ഗേറ്റ് വരെ ഓഫ് റോഡ് ആണ്. ബൈക്കും ജീപ്പും ഒക്കെ ആ വഴിക്ക് പോവും. ആ വഴിക്കൊക്കെ വീടും ചെറിയ കടകളും ഒക്കെ ഉണ്ടായിരുന്നു. ഒരു 5 മിനിറ്റ് നടത്തം കഴിഞ്ഞ് കുന്നിലേക്ക് കയറാനുള്ള ഗേറ്റ് എത്തി. ഇവിടെ വരെ പൊട്ടിപ്പൊളിഞ്ഞ വഴിയായിരുന്നു. എന്നാൽ, ഇനിയുള്ള വഴി അങ്ങനെയല്ല. ഗേറ്റ് കടന്ന് നടന്നു. കാടും മരങ്ങളും ചെറിയ ചെറിയ പൂക്കളും ഓടമുളകളും നിറഞ്ഞ വീതികുറഞ്ഞ കാട്ടു വഴി. അതിലൂടെ നടന്ന് പിന്നെ കുറച്ചു പടികള്‍ കയറാനുണ്ട്. ആ പടികള്‍ ഒരാളിന് കയറാനുള്ള വീതിയിലാണുള്ളത്. രണ്ട് ഭാഗവും മരങ്ങളും കുറ്റിക്കാടുകളും ഓടമുളകളും ഒക്കെ ഉള്ള അതിമനോഹരമായ വഴി.
shamna vayalada 3
ആ പടികള്‍ നടന്നു കയറിയാല്‍ പിന്നെ നിരപ്പായ പാതയാണ്. അതിലൂടെ നടന്ന് പിന്നെയും പടികളുള്ള വഴി. അതു കഴിഞ്ഞ് നടന്നാല്‍ പിന്നെ പാറക്കല്ലുകള്‍ ചവിട്ടിക്കയറണം. ആ പാറക്കെട്ടുകള്‍ ചവിട്ടിക്കയറിയാല്‍ പിന്നെ കാണുന്നത് സ്വര്‍ഗമാണ്. നല്ല ഭംഗിയായ, കണ്ണിന് കുളിര്‍മ നല്‍കുന്ന ആകാശക്കാഴ്ച്ച. ഈ വ്യൂ പോയിന്റിന്റെ പേര് മുള്ളന്‍പാറ ഐലന്റ് വ്യൂ പോയിന്റ് എന്നാണ്. അവിടെ നിന്ന് താഴേക്ക് നോക്കിയാല്‍ പെരുവണ്ണാമുഴി റിസര്‍വോയറും പിന്നെ കക്കയം മലനിരകളും എല്ലായിടത്തും അതിമനോഹരമായ പച്ചപ്പും. പൊളി വൈബ് തന്നെയാണ് ഇവിടെയും. പത്തനംതിട്ട ഗവി കഴിഞ്ഞാല്‍ നമ്മുടെ മലബാറിന്റെ ഗവി തന്നെ. ശരിക്കും വയലടക്ക് യാത്ര ചെയ്യാന്‍ പറ്റിയ സമയം മഴയത്താണ്. അതും രാവിലേയോ വൈകുന്നേരമോ ആണ്. ആ സമയങ്ങളിൽ ഈ വ്യൂപോയിന്റ് കാണാന്‍ അതിസുന്ദരിയാണ്. ഞങ്ങള്‍ എത്തിയത് ഉച്ചക്ക് 12 മണിക്കാണ്. ഏത് സമയത്ത് ആണെങ്കിലും നമ്മുടെ പ്രകൃതി അതിമനോഹരിയാണ്. അത് ഓരോ ഭാവത്തിലാണെന്ന് മാത്രം. രാവിലെ ആണെങ്കില്‍ കോടയും തണുപ്പും മേഘവും ഒക്കെയായി. വൈകുന്നേരം ആണെങ്കില്‍ സൂര്യാസ്തമയവും തണുപ്പും ഒക്കെ കൊണ്ടും ഉച്ചക്കാണെങ്കില്‍ നല്ല ചൂടും നല്ല തണുത്തക്കാറ്റും പിന്നെ തെളിഞ്ഞ ആകാശകാഴ്ച്ചയുമൊക്കെയായി ഓരോ ഭാവത്തില്‍ പ്രകൃതി അതിസുന്ദരിയാണ്.
shamna vayaladashamna vayalada 5
അവിടുന്നു കാഴ്ച്ചയും കണ്ട് കുറേ ഫോട്ടോസും എടുത്തു. ഈ വയലട എന്ന് നമ്മള്‍ ഗൂഗിള്‍ ചെയ്യുമ്പോള്‍ കാണുന്ന ഒരു പോയിന്റ് ഉണ്ട്. ആ പാറപ്പുറത്ത് നിന്നുള്ള കുറേ ഫോട്ടോസ്. അതു പോലെ ഞാനും എടുത്തു കുറച്ചെണ്ണം. അതിനായി അതിലേക്ക് വലിഞ്ഞ് കയറി. അതിലേക്ക് കയറാന്‍ ഞങ്ങളുടെ ഓഫീസിലെ വിപിനേട്ടന്‍ ഇല്ലായിരുന്നേല്‍ കഴിയില്ലായിരുന്നു. പുള്ളിക്കാരനാണ് എനിക്ക് അതിന്റെ മുകളില്‍ കയറാന്‍ സഹായിച്ചത്. അവിടെ ഞാന്‍ ഇരുന്ന് കൂടെയുള്ളവരെക്കൊണ്ട് കുറേ ഫോട്ടോസ് എടുപ്പിച്ചുട്ടോ. അപ്പോള്‍ ഞങ്ങളുടെ കൂടെയുള്ള പ്രവീണ്‍ ജി പറയാ,
എല്ലാവരുടെയും പ്രായം ഒരു 15 കുറഞ്ഞന്ന്… അങ്ങനെ അവിടുത്തെ കാഴ്ച്ചകള്‍ ഒക്കെ കണ്ട് ഞങ്ങള്‍ അവിടുന്ന് ഇറങ്ങി. വന്ന വഴിയില്‍ക്കൂടെ തന്നെ ഒരു ഇറക്കം. എല്ലാവര്‍ക്കും അവിടുത്തെ കാഴ്ച്ചകള്‍ വളരെ ഇഷ്ടപ്പെട്ടു. ആ കല്ലുവഴികളും പടികളും ഇറങ്ങി, അവിടുത്തെ ഒരു കടയില്‍ നിന്ന് എല്ലാവരും സോഡാ സര്‍ബത്തും കുടിച്ച് വണ്ടിയിലേക്ക് കയറി. അവിടെ ഒരു സ്ഥലവും കൂടെയുണ്ട്. ഒരു ബ്രിഡ്ജ് വ്യൂ. അവിടേക്ക് ഞങ്ങള്‍ പോയിട്ടില്ല. അനിയത്തിയെ കൂട്ടാത്തതിൽ അവള്‍ക്ക് ചെറുതല്ലാത്ത സങ്കടമുണ്ട്. അനിയത്തിയേയും കൂട്ടി ഒരു പ്രാവിശ്യം കൂടെ ഇവിടെ വരണം. രാവിലെ. എന്നിട്ട് അവിടേക്ക് ഒക്കെ ഒന്ന് പോവണം. കണ്ട കാഴ്ചകള്‍ രാവിലെ എത്ര സുന്ദരമായിരിക്കും എന്ന് അറിയണം…

ഞങ്ങള്‍ അവിടെ നിന്ന് വാന്‍ കയറി. അടുത്ത ഡെസ്റ്റിനേഷന്‍ തോണിക്കടവ് എന്ന സ്ഥലത്തേക്കാണ്. കരിയാത്തന്‍പാറ എന്ന സ്ഥലത്തിന് അടുത്താണ് തോണിക്കടവ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിനും ഒരു വിശേഷണമുണ്ട് മലബാറിന്റെ ഊട്ടി എന്ന്. ഇവിടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളുണ്ട്. മനോഹരമായ പാറക്കെട്ടുകളില്‍ നിന്ന് ഒഴുകി വരുന്ന വലിയ അരുവിയും പച്ചപ്പും മല നിരകളും ഒക്കെ ആയി മനംകുളിർപ്പിക്കുന്ന കാഴ്ച്ച. എല്ലാവരും കുറേ വെയില്‍ കൊണ്ടില്ലേ. ഇനി കുറച്ച് വെള്ളത്തില്‍ മുങ്ങിയാലോ. അങ്ങനെ അവിടുന്ന് ഒരു 45 മിനിട്ടു യാത്ര. വളവുകളും തിരിയലുകളുമുള്ള കാടും മലയും ഒക്കെ നിറഞ്ഞ വഴിയിലൂടെയാണ്. പാട്ടും ഡാന്‍സും പിന്നെ വാനിന്റെ ജനല്‍ സൈഡിലിരുന്നുള്ള കാഴ്ചകളും. അവിടുത്തേക്കുള്ള വഴിയില്‍ തണുപ്പടിക്കുന്നുണ്ടായിരുന്നു. മുഴുവന്‍ കാടുകളും മലകളും നിറഞ്ഞ വഴിയിലൂടെ തോണിക്കടവലെത്തി. അവിടെ നല്ല തിരക്കായിരുന്നു. അവിടുത്തേക്ക് കയറണമെങ്കില്‍ 30 രൂപ ഒരാള്‍ക്ക് ടിക്കറ്റ് എടുക്കണം. ഞങ്ങള്‍ അവിടേക്ക് കയറി.. ശ്ശോ എന്താ ഭംഗി ആ കാഴ്ചകളൊക്കെ കാണാന്‍.. പ്രകൃതി ഒരുക്കിയ കുന്നുകളും വലിയ പച്ചപ്പ് നിറഞ്ഞ സ്ഥലവും അതിനു നടുവിലൂടെ ഒഴുകുന്ന അരുവിയും. അതില്‍ എല്ലാവരും കുളിക്കുന്നു, കളിക്കുന്നു. എന്താ ഭംഗി. ഞങ്ങള്‍ക്കും തണുപ്പടിച്ചുട്ടോ.. നല്ല ഒരു ഭാഗവും തിരഞ്ഞ് ഞങ്ങള്‍ 20 പേരും നടന്നു. കുറച്ച് നീന്താന്‍ ഒക്കെ പറ്റിയ ഒരു സൈഡ് ഞങ്ങള്‍ കണ്ടെത്തി. പിന്നെ ഒന്നും നോക്കീല എല്ലാവരും കൂടെ വെള്ളത്തിലേക്ക് ഒരൊറ്റ ചാട്ടം. പിന്നെ ഒരു 3 മണിക്കൂര്‍ വെള്ളത്തില്‍ തപസ്സായിരുന്നു. എനിക്ക് നീന്താന്‍ അറിയില്ലല്ലോ. അപ്പൊ പിന്നെ അതില്‍ ഇരുന്നും കിടന്നും വെള്ളത്തിനെ അങ്ങ് ആവാഹിച്ചുവെച്ചു. സമയം പോയതേ അറിഞ്ഞില്ല. സമയം 4.30 ആയപ്പോള്‍ വെള്ളത്തില്‍ നിന്ന് എല്ലാവരും കരയ്ക്ക് കയറി, വെള്ളം ഒക്കെ തുടച്ച്, ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

shamna vayalada 7

യാത്രകള്‍ എന്നും ഹരമാണ്…
ലഹരിയാണ് പ്രണയമാണ്…
എന്നും മനോഹരമാണ്..
ഓരോ കാഴ്ചകള്‍ തേടി.. പ്രകൃതിയെ ആസ്വദിക്കാനുള്ള ഓരോ യാത്രകള്‍..
ഓരോ യാത്രകളും പുതിയ പുതിയ അനുഭവങ്ങളാണ്.
ആരോ എവിടെയോ പറഞ്ഞപോലെ…
”യാത്രയെ പ്രണയിച്ചവര്‍ക്ക് മാത്രമേ
അറിയൂ യാത്രയുടെ ലഹരി”

ചെറിയ യാത്ര വലിയ യാത്ര
എന്നൊന്നും ഇല്ലാല്ലോ….? ഉണ്ടോ…?

നമ്മുടെ ഒക്കെ തിരക്കുപിടിച്ച ജീവിതത്തില്‍..
മനസ്സിന്റെ കെട്ടഴിഞ്ഞുപ്പോവാതിരിക്കാന്‍
ഒരു ചെറിയ സുന്ദരമായ യാത്ര എന്നും നല്ലതാണ്.

അപ്പോ.. എങ്ങനെയാ.. നിങ്ങളും പോവല്ലേ..?

അങ്ങനെ മലബാറിന്റെ ഗവിയിലേയും
മലബാറിന്റെ ഊട്ടിയിലേയും കാഴ്ചകള്‍ കണ്ട്,
എപ്പോഴും പറയുന്നത് പോലെ ഈ സ്ഥലങ്ങളോട് വീണ്ടും വരാം എന്ന് യാത്രയും പറഞ്ഞ് തിരിച്ചു.

RELATED ARTICLES

Most Popular

%d bloggers like this: