Saturday, March 25, 2023
HomePHOTOSTORIESകൊൽക്കത്താഗ്രാഫി - ഒന്നാം ഭാഗം

കൊൽക്കത്താഗ്രാഫി – ഒന്നാം ഭാഗം

സുർജിത്ത് സുരേന്ദ്രൻ

സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള, സൗരവ് ഗാംഗുലിയെയും ഈഡൻ ഗാഡനെയും ഓർമ്മവരുന്ന, “the city of joy” എന്നറിയപ്പെടുന്ന, ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും നഗരം എന്ന് പറയപ്പെടുന്ന പശ്ചിമ ബംഗാളിന്റെ തലസ്ഥാന നഗരമായ ‘കൊൽക്കത്ത’ നഗരം. കാണാൻ കൊതിച്ചിരുന്ന, കണ്ടിട്ടും മതിവരാത്ത, ഇനിയും ഇനിയും കണ്ടിരിക്കേണ്ട ഒരു അത്ഭുത നഗരം. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചരിത്ര നഗരം ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നു.1911-ലാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റി നിർണയിക്കപ്പെട്ടത്.

Surjith Surendran
സുർജിത്ത് സുരേന്ദ്രൻ

ഞാൻ കണ്ടതിലും അറിഞ്ഞതിലും എത്രയോ മടങ്ങ് അറിയാനും കാണാനും കിടക്കുന്നു. ഇനിയും പോകണം, പോകും. ഇന്ത്യയെ അടുത്തറിയാൻ ഗ്രാമങ്ങളിലൂടെ മാത്രമല്ല, കൊൽക്കത്ത പോലുള്ള സാംസ്‌കാരിക നഗരങ്ങളിലൂടെയും യാത്ര ചെയ്യേണ്ടതുണ്ട്. കൊൽക്കത്ത കാണാൻ കിട്ടിയ അവസരത്തിൽ മൊബൈലിലും canon 1200D ലും ആയിട്ടെടുത്ത പടങ്ങളാണ്.

കൊൽക്കത്ത ട്രാം സർവീസ്

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗമായിരുന്നു ട്രാം സർവീസ്. 1867-ലാണ്‌‍ ‘കൊൽക്കത്ത ട്രാം വേയ്സ്’ കമ്പനി കൊൽക്കത്തയിൽ ട്രാമുകൾ ഓടിച്ചു തുടങ്ങിയത്. വളരെ ചുരുങ്ങിയ ചിലവിൽ കൊൽക്കത്തയിലെ ചിലഭാഗങ്ങളൊക്കെ ചുറ്റിക്കാണാം എന്നുള്ളത് മാത്രമല്ല, ട്രാം യാത്ര നല്ല ഒരനുഭവം കൂടിയായിരിക്കും. നമ്മൾ നടക്കുന്നതിന്റെയും വണ്ടിയോടിക്കുന്നതിന്റെയും ഒക്കെ അരികിലൂടെ കൊൽക്കത്തയുടെ പ്രൗഡിയറിയിച്ചുകൊണ്ട് ആ വലിയ യന്ത്ര ശകടം ഇടക്കിടെ നമ്മളെ കടന്നു പോയ്കൊണ്ടിരിക്കും.

tram

മഞ്ഞ ടാക്സിയും റിക്ഷാവാലയും

കൊൽക്കത്ത നഗരത്തിന്റെ ക്ലാസ്സിക് മുഖമുദ്രകൾ. എൺപത് കാലഘട്ടങ്ങളിൽ കൊൽക്കത്ത നഗരത്തിലൂടെ നിറഞ്ഞോടിയിരുന്ന, എന്നാൽ ഹിന്ദുസ്ഥാൻ മോട്ടോർസ് കമ്പനി പൂട്ടിപ്പോയതിനാൽ ‘വംശനാശം’ നേരിട്ടുകൊണ്ടിരിക്കുന്ന മഞ്ഞ അമ്പാസിഡർ ടാക്സിക്കാറുകൾ. എവിടെ തിരിഞ്ഞു നോക്കിയാലും കാണാം എന്നതുകൊണ്ട് തന്നെ കൊൽക്കത്ത നഗരത്തിന്റെ രക്ത കുഴലുകൾ എന്നാണ് ഇവരണ്ടും അറിയപ്പെടുന്നത്. കൂടുതലും പ്രായമായ ആളുകളാണ് റിക്ഷ വലിക്കുന്നത്. വളരെ തുച്ഛമായ കൂലി മാത്രം വാങ്ങിച്ച് അവരാ നഗരത്തിന്റെ മുക്കിലും മൂലയിലൂടെയും നിർത്താതെയുള്ള ഓട്ടമാണ്.

കൊൽക്കത്ത ‘ചാ’

ചായക്ക് ‘ചാ’ എന്നാണ് കൊൽക്കത്തയിൽ പറയാറ്. വളരെ ചെറിയ അളവിൽ ഒരു മൺചെപ്പിലാണ് ചായ ലഭിക്കുന്നത്. മസാല ചായ, തന്തൂരിച്ചായ അങ്ങനെ പലവിധ ചായകൾ. മുക്കില് മുക്കിൽ ചായക്കടകൾ കാണാം. നമ്മളെ നാട്ടിലെപ്പോലെ ചായേം കടിയും കിട്ടില്ല. പലഹാരം നമ്മള് വേറെ കടയിൽ പോയി വാങ്ങണം. ചായക്കാണേൽ അഞ്ചു രൂപ മാത്രേ ഉള്ളൂ. വിലകുറഞ്ഞത് കൊണ്ടല്ല, ആ ചായ കുടിക്കൊമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെയാണ്. ഒരു ദിവസം തന്നെ എത്രയോ ചായകൾ ഞാൻ വാങ്ങി കുടിച്ചിട്ടുണ്ട്. കൂടുതൽ പാലും കടുപ്പവും ചൂടും അസാധ്യ രുചിയും ഉള്ള കൊൽക്കട്ട ‘ചാ’ ഇടക്കിടക്ക് കിട്ടുവാണേൽ പിന്നെ ‘മച്ചാനെ അത് പോരെ അളിയാ…’


ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Most Popular

%d bloggers like this: