Wednesday, February 1, 2023
HomePLACESരായിരനെല്ലൂർ മല

രായിരനെല്ലൂർ മല

ഡോ. കെ എസ് കൃഷ്ണ കുമാർ

ചിത്രങ്ങൾ : അഖിൽ വിനോദ്

ആദ്യമായി രായിരനെല്ലൂർ മല കയറിയത്.

ഓരോ പ്രാന്തായിരുന്നു ഓരോ കാലവും. പ്രാന്തുണ്ടെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. എങ്കിൽ മനോരോഗം അത്ര രൂക്ഷമല്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും ചികിത്സിച്ചാൽ ഭേദമാകുന്ന അവസ്ഥയിലാണെന്നുമൊക്കെ കളിയാക്കും. പ്രിയ ശിഷ്യൻ അഖിൽ നമ്പിയത്ത് എല്ലാ ഭ്രാന്തിനും എക്കാലവും കൂടെയുണ്ടാകും. ആദ്യമായി നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല കയറിയതാണ് ഓർമ്മ വരുന്നത്.

 

സുദേവൻ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ക്രൈം നമ്പർ: 89 അല്ലെങ്കിൽ CR No: 89. ആ സിനിമ കാണാൻ പട്ടാമ്പിയിലെ തീയ്യറ്ററിൽ പോയ ദിവസം. 2015 മെയ് 25. മറക്കില്ല. രാവിലെ പത്ത് മണിയോടെ സിനിമാ പ്രദർശനം തുടങ്ങിയെങ്കിലും സംവിധായകനുമായുള്ള അഭിമുഖവും ചർച്ചകളും എല്ലാം കഴിഞ്ഞപ്പോൾ ഉച്ച രണ്ടുമണി. തീയ്യറ്ററിൽ നിന്ന് ഇടവേളയിൽ കഴിച്ച ചായയും ഉഴുന്നുവടയും മാത്രമായിരുന്നു അന്നേരം വരെ ഭക്ഷണം. പട്ടാമ്പി എത്താൻ നേരം വൈകിയാൽ സിനിമ തുടക്കo മുതൽ കാണാൻ സാധിച്ചില്ലെങ്കിൽ വലിയ സങ്ക നഷ്ടമാകുമെന്നോർത്ത് ഗുരുവായൂരിൽ നിന്ന് നേരത്തെ ഇറങ്ങി തിരിച്ചതാണ്. അഖിൽ മൂത്തകുന്നത്ത് നിന്ന് അതിലും അതിരാവിലെ ആദ്യ വണ്ടിയിൽ പുറപ്പെട്ടതാണ്.

തീയറ്ററിൽ നിന്ന് പുറത്തിറങ്ങി ഹോട്ടൽ അന്വേഷിക്കുന്നതിനിടയിൽ പട്ടാമ്പിയെയും വള്ളുവനാടൻ പ്രദേശങ്ങളെയും ഭാരതപുഴയെയും കുറിച്ചായി ഞങ്ങളുടെ സംസാരം. കഷ്ടകാലത്തിന് നാറാണത്ത് ഭ്രാന്തൻ്റെ രായിരനെല്ലൂർ മല അവിടെ അടുത്താണെന്ന് ഞാൻ പറഞ്ഞുപോയി. എന്നാൽ രായിരനെല്ലൂർ മല കാണാൻ പോകണമെന്നായി അഖിൽ. മല കണ്ടാൽ പോരാ, മല കയറി ചുറ്റുമുള്ള കാഴ്ചകൾ കാണുകയും വേണം. എന്നാലേ കാര്യമുള്ളു, ഇപ്പോൾ അതിന് സമയം ഇല്ലെന്നും പിന്നെ ഒരു ദിവസം രാവിലെ വന്ന് വൈകുന്നേരം വരെ രായിരനെല്ലൂർ മലയിൽ കൂടാമെന്ന് ഞാൻ പറഞ്ഞു. അത് പറ്റില്ല അപ്പോൾ തന്നെ രായിരനെല്ലൂർ മല കാണണമെന്നായി അഖിലിന് ഒരേ നിർബന്ധം.

ഉച്ചഭക്ഷണം കഴിക്കേണ്ടേ? അതൊക്കെ പിന്നെയാകാം. ഒരു നേരം കഴിച്ചില്ലെങ്കിൽ ചത്തുപോകില്ലെന്നുമൊക്കെ കുഞ്ഞുകുട്ടിയെ പോലെ അവൻ വാശി തുടങ്ങി. റോഡിൽ ഇടികൂടി നിൽക്കെ തൊട്ടരികിൽ ഒരു കുട്ടിബസ്സ് ഹോണടിച്ച് നിൽക്കുന്നു. വഴിയിൽ നിന്ന് മാറി നിന്ന് വിസായം പറഞ്ഞൂടെ പഹയരേയെന്ന് ബസ്സിൻ്റെ വാതിലിൽ തട്ടി കിളി ബഹളം വച്ചു. ബസ്സിൻ്റെ ബോർഡിൽ എഴുതിയ സ്ഥലപ്പേരുകളിലായിരുന്നു അഖിലിൻ്റെ നോട്ടം. പട്ടാമ്പി- കൊപ്പം- രായിരനെല്ലൂർ -വളാഞ്ചേരി. എന്നെ അവൻ ബസ്സിൻ്റെ ഉള്ളിലേക്ക് ഉന്തി കയറ്റി. സീറ്റ് കിട്ടി.

ഉച്ചനേരമായതിനാൽ ബസ്സിൽ ആളുകൾ കുറവാണ്. കണ്ടക്ടറോട് ഇറങ്ങേണ്ട സ്റ്റോപ്പിനെക്കുറിച്ച് ചോദിച്ചു. രായിരനെല്ലൂർ മല കേറാനെങ്കിൽ സംശയം വേണ്ട അതിനു ഒരു സ്റ്റോപ്പിൻ്റെ പേർ പറഞ്ഞു, അവിടെ ഇറക്കി തരാമെന്ന് പറഞ്ഞു. അതല്ല ക്ഷേത്രത്തിൽ പോകാനാണെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അതിനു ഉച്ച കഴിഞ്ഞില്ലേ, ഈ നേരത്ത് ആരാ അമ്പലത്തിൽ പോണത്. കണ്ടക്ടർ വാചാലനായി. ക്ഷേത്രത്തിൽ പോകാനല്ല, ഞങ്ങൾക്ക് നാറാണത്ത് ഭ്രാന്തൻ്റെ മല കാണാനാണ്, അതിൻ്റെ മുകളിലെ കാഴ്ചകൾ കാണാനാണ്. പിന്നെ അവിടെ നാറാണത്ത് ഭ്രാന്തൻ്റെ വലിയൊരു ശിൽപം ഇല്ലേ, ഞങ്ങൾക്ക് അതും കാണണം. അഖിൽ കണ്ടക്ടറോട് ഫുൾ ഡീറ്റേയ്ൽസ് വിവരിച്ചു. എങ്കിൽ ആദ്യത്തെ സ്റ്റോപിൽ ഇറങ്ങിയാൽ മതി. അവിടെ ഹോട്ടൽ ഉണ്ടോ. വിശന്നു മരിക്കാറായ എൻ്റെ ചോദ്യത്തിന് കണ്ടക്ടറുടെ മുഖഭാവം ഉത്തരമായിരുന്നു. അവിടെ വല്ല മാടക്കടയും ഉണ്ടാകും മാഷേ. നമുക്ക് അവിടന്ന് ഷോഡാ ഷർബത്ത് കുടിക്കാം. പിന്നെ കപ്പ വറുത്തതോ, ബ്രഡോ എന്തെങ്കിലുമൊക്കെ കാണും. നാറാണത്ത് ഭ്രാന്തനെ കാണുകയല്ലേ നമ്മുടെ യഥാർത്ഥ ലക്ഷ്യം. ഉച്ചനേരത്തെ അവൻ്റെ സാഹിത്യഭാഷണം എനിക്കത്ര പിടിച്ചില്ല.

അഖിലിൻ്റെ വാക്കുകൾ അറം പറ്റി. ബസ് സ്റ്റോപ്പിൽ ചെറിയ ഒരു കട മാത്രം. രണ്ട് സോഡാ സ ർബ്ബത്ത് കുടിച്ച് ഞങ്ങൾ മലകയറ്റം തുടങ്ങി. എല്ലാ വർഷവും തുലാം മാസം ഒന്നാം തീയതി വ്രതാനുഷ്ഠാനങ്ങളോടെ നടത്തുന്ന മലകയറ്റമാണ് ഞങ്ങൾ രണ്ട് പേർ ഉച്ചഭക്ഷണം കഴിക്കാതെ സർബത്തും കുടിച്ച് ഇടവമാസാരംഭത്തിലെ ഉച്ചവെയിലിൻ്റെ ചൂടിൽ ആ കുറ്റിക്കാടുകളിലൂടെ ഏന്തിവലിച്ച് നടത്തുന്നത്. അഖിൽ ചെറുപ്പക്കാരനായതിനാൽ അവന് വലിയ കുഴപ്പം തോന്നിയില്ല. പോരാത്തതിന് അവൻ യോഗാഭ്യാസിയുമാണ്. അൽപഹാര പ്രിയനുമാണ്. എൻ്റെ കാര്യം അങ്ങനെയല്ല. അമിത ഭക്ഷണപ്രിയനും വ്യായാമം തീരെ ഇല്ലാത്തവനും.

വേനൽക്കാലമാണെങ്കിലും ആൾ സഞ്ചാരമില്ലാത്ത ഇടമായതിനാൽ മല നിറയെ കുറ്റിച്ചെടിപടർപ്പുകളായിരുന്നു . മുകളിലേക്ക് പ്രത്യേക വഴികൾ ഒന്നും കണ്ടില്ല. എകദേശം ഒരു ദിശ കണക്കാക്കി ചെടികൾക്കിടയിലൂടെ കുത്തനെയുള്ള വഴി ഉണ്ടാക്കി ഞങ്ങൾ മല കയറി. കടയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളവും തീർന്നു. മല കയറി അഖിൽ കുറെ മുന്നിലെത്തും. കഷ്ടപ്പെട്ട് കയറി വരുന്ന എൻ്റെ അരികിലേക്ക് പിന്നെ അവൻ തിരിച്ചിറങ്ങി വരും. ചുറ്റുമുള്ള അതിനോഹരമായ താഴ് വാര കാഴ്ചകളെ അഖിൽ ചൂണ്ടി കാണിക്കും. ഒരു സ്വപ്ന ഭൂമിയിൽ എത്തിച്ചേർന്ന പ്രതീതിയിലായിരുന്നു അഖിൽ. ഞാനും അങ്ങനെ ആസ്വാദനത്തിൻ്റെ ഉയർച്ചയിലായിരുന്നു. എങ്കിലും അവിചാരിതമായി തീരുമാനിച്ച് ഉച്ചവെയിലിൽ തന്നെ വേണ്ടി വന്ന ഇത്രയും കഠിനമായ മലകയറ്റത്തിനു വഴങ്ങാത്ത ശാരീരികാവസ്ഥ എന്നിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കി. നെഞ്ചിടിപ്പും കിതപ്പും തൊണ്ടവരൾച്ചയും ആകെ കൂടി വിഭ്രമങ്ങൾ.

“രായിരനെല്ലൂർ മലയുടെ മുകളിൽ എത്തിച്ചേർന്നു എന്നതിൻ്റെ സന്തോഷവും നിർവൃതിയുമെല്ലാം ചേർന്ന് അവാച്യമായ അനുഭൂതിദായകമായിരുന്നു നാറാണത്ത് ഭ്രാന്തനെ അത്ര തൊട്ടടുത്ത് കാണുന്നതിന് തുല്യമായി ശില്പത്തിൻ്റെ ആ പ്രഥമ ശില്പകാഴ്ച”

 

തിരിഞ്ഞ് താഴേക്ക് നോക്കിയപ്പോൾ ഞങ്ങൾ കയറി വന്ന പച്ചപ്പും പാറക്കൂട്ടങ്ങളും. നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കയറ്റിയ അതേ വഴികൾ. ഐതിഹ്യവും വായനയോർമ്മകളും ഒരു വേള ഉള്ളിലേക്ക് കയറി വന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയും ഐതിഹ്യമാലയും മലയാളത്തിൽ എഴുതപ്പെട്ട അനുബന്ധകൃതികളും ചുറ്റും അവയുടെ താളുകൾ തുറക്കുന്ന കാറ്റുകൾ വീശുന്നതുപോലെ. മധുസൂദനൻ മാഷിൻ്റെ വരികൾ ഓർമ്മ വന്നു. നാവിൽ അവ ഈണത്തിൽ ഉറക്കെ ചൊല്ലിത്തുടങ്ങി. പെട്ടെന്ന് അടിമുടി ഒരു തരം ഊർജം പകരുന്ന പോലെ. തിരിഞ്ഞ് വീണ്ടും മകയറാൻ മുകളിലേക്ക് നോക്കുമ്പോൾ അഖിൽ സാന്ത്വനത്തോടെ ചോദിക്കുന്നു. മാഷിന് വയ്യാണ്ടായോ.കുറച്ച് ഇരിക്കാം. വേണ്ട, എല്ലാ ക്ഷീണവും പോയി. ഇപ്പോൾ ശരിയായി.

ഞങ്ങൾ വീണ്ടും മുകളിലേക്ക് നടന്നതേയുള്ളൂ. മരച്ചില്ലകൾക്കിടയിലൂടെയുള്ള ആ കാഴ്ച അഖിൽ കാണിച്ചുതന്നു. നാറാണത്ത് ഭ്രാന്തൻ്റെ ശില്പം. രായിരനെല്ലൂർ മലയുടെ മുകളിൽ എത്തിച്ചേർന്നു എന്നതിൻ്റെ സന്തോഷവും നിർവൃതിയുമെല്ലാം ചേർന്ന് അവാച്യമായ അനുഭൂതിദായകമായിരുന്നു നാറാണത്ത് ഭ്രാന്തനെ അത്ര തൊട്ടടുത്ത് കാണുന്നതിന് തുല്യമായി ശില്പത്തിൻ്റെ ആ പ്രഥമ ശില്പകാഴ്ച.

പിന്നീട് പല തവണ രായിരനെല്ലൂർ മല കയറിയിട്ടുണ്ട്. രണ്ടായിരത്തി പതിനഞ്ചിലെ ആ ആദ്യ കയറ്റത്തിലെ അത്ര ദൂരവും ശ്രമവും സുഖവും പിന്നെ ലഭിച്ചിട്ടില്ല.

RELATED ARTICLES

Most Popular

%d bloggers like this: