Saturday, May 21, 2022
HomeTRAVEL STORIESപിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര - 1

പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 1

ഒന്ന്

നിധിന്യ പട്ടയിൽ

അന്യഗ്രഹത്തിലേക്ക് ഉൽക്കാപതനങ്ങൾക്കിടയിലൂടെ ചാഞ്ഞും ചരിഞ്ഞും വെട്ടിച്ചുമെല്ലാം തന്റെ പേടകത്തിൽ കുതിക്കുന്ന കഥാപാത്രത്തെ കണ്ടത് ഏതോ ഇംഗ്ലീഷ് സിനിമയിലാണ്. ഒന്നാം വർഷ D.El.Ed കുട്ടികളുടെ പoനയാത്ര തീരുമാനിക്കുമ്പോൾ തൊട്ട് ഇത് തന്നെയാണവസ്ഥ…

നിധിന്യ

അഞ്ചാം വർഷമാണ് കോളേജിൽ നിന്നും ഡൽഹി, ആഗ്ര, പഞ്ചാബ് റൂട്ടിൽ ഞങ്ങൾ അധ്യാപകർ യാത്ര പോകുന്നത്… കുളു, മനാലി മൂന്നാം വട്ടവും… ഡൽഹി, ആഗ്ര, കുളു, മനാലി പോവുക എന്നത് ജീവിതാഭിലാഷമായി കണ്ട് ഞങ്ങളുടെ ഈ ബാച്ചിനേക്കൂടി കൊണ്ടു പോ മിസ്സേ എന്ന അപേക്ഷ ഇപ്രാവശ്യവും കൈക്കൊള്ളേണ്ടിവന്നു…. കണ്ട് കണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രണയകുടീരം താജ്മഹൽ പോലും വെറും മാർബിൾ നിർമ്മിതി മാത്രമായി ഇപ്പോൾ മാറിയിട്ടുണ്ട്… ഒടുവിൽ ചെറിയൊരു മാറ്റത്തോടെ സ്ഥലങ്ങൾ തീരുമാനിക്കപ്പെട്ടു… ഡൽഹി, ആഗ്ര, കുളു, മനാലി ഇവക്കൊപ്പം കസോൾ, മണികർണ് , ചാണ്ഡീഗഡ് എന്നിവ കൂടി ചേർക്കപ്പെട്ടു.

കൊറോണയുടെ രൂപത്തിലാണ് ആദ്യ വിപത്ത് വന്നത്.. സംസ്ഥാന ദുരന്തമായി പ്രഖ്യാപനം വന്നു… യാത്രകൾ റദ്ദാക്കപ്പെട്ടു… നിപയെ അതിജീവിച്ച കരുത്തിൽ കേരളം ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങി വളരെ വേഗം തന്നെ ഈ ദുരന്തത്തെയും അതിജീവിച്ചപ്പോൾ ബുക്ക് ചെയ്തത് വെറുതെയായില്ല യാത്ര പുറപ്പെടുക തന്നെ എന്ന തീരുമാനത്തിൽ ഞങ്ങളും ഉറച്ചു.. പിന്നെ കേൾക്കുന്നു ട്രാക്കിൽ അറ്റകുറ്റപണി കാരണം മംഗളയടക്കം പല ട്രയിനുകളും റദ്ദാക്കിയെന്ന് ആ ഉൽക്ക വീഴ്ചയ്ക്കിടയിൽ നിന്നും സമ്പർക്ക ക്രാന്തി വിദഗ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടപ്പോൾ അടുത്ത ആശ്വാസം… ദാ… വരുന്നു ട്രംമ്പ്… മോദിയുടെ പൊടിപൊടിച്ച ഒരുക്കങ്ങൾ.. 8 കോടിയുടെ ഹോട്ടൽ റൂമും, മതിൽ കെട്ടലും, ഗുജറാത്തി സ്പെഷ്യൽ ഭക്ഷണമൊന്നുമല്ല മൂപ്പരെപ്പം മടങ്ങും എന്നതാണ് ആവേശത്തോടെ തപ്പിയത്… 24 ന് ഞങ്ങൾ യാത്ര പുറപ്പെട്ട് 26 ന് ഡൽഹി ഇറങ്ങുമ്പോൾ ട്രംമ്പിന്റെ പൊടി പോലും കാണില്ല എന്ന ആദ്യ റിപ്പോർട്ട് കുറച്ചൊന്നുമല്ല ആശ്വാസം തന്നത്…

nidhinya tripeat.in

പത്താം തിയ്യതി തൊട്ട് ഞാൻ കാത്തിരുന്ന അതിഥി ഈ മാസം മുറതെറ്റി വന്നത് യാത്രയുടെ തലേന്നും… കവിതയുടെ നിർവചനം പോലെ continuous overflowയും.. എല്ലാം ഒതുങ്ങിയെന്ന് കരുതി ട്രയിനിൽ കയറി യാത്ര തുടങ്ങിയേ ഉള്ളൂ.. ഡൽഹിയിൽ വെടിവെപ്പ്, മരണം, നിരോധനാജ്ഞ, അതിർത്ഥികൾ അടച്ചു പൂട്ടണമെന്ന കെജരിവാളിന്റെ അഭിപ്രായപ്രകടനം, ട്രംമ്പ് പോകുന്നവരേയേ സംയമനം ഉണ്ടാകൂ എന്ന കപിൽ മിശ്രയുടെ ഭീഷണി, ജാഫ്രാബാദിൽ പള്ളികത്തിക്കൽ, ഷഹീൻബാദ് വിധിക്കൊപ്പം പൗരത്വ കാര്യത്തിൽ കൂടി നാളെ ഇടപെടണമെന്ന്‌ സുപ്രീം കോടതിക്ക് ചന്ദ്രശേഖർ ആസാദിന്റെ അപേക്ഷ… ചുരുക്കി പറഞ്ഞാൽ അതി മനോഹരമായ കൃഷിയിടങ്ങളും കൊങ്കൺ തുരങ്കവും ഇന്ത്യയുടെ വൈവിധ്യവുമെല്ലാം പിന്നിടുമ്പോൾ ആസ്വാദനത്തിനൊപ്പം ആശങ്കയും അനിശ്ചിതത്വവും കൂട്ടിനെത്തി…
ഒടുവിൽ ഷെഡ്യൂളിൽ വീണ്ടും മാറ്റം നാളെ ഡൽഹിക്ക് മുമ്പുള്ള നിസാമുദ്ദീനിൽ ഇറങ്ങി ബസ് മാർഗം ചാണ്ഡീഗഡിലേക്ക് പോകുന്നു …

ഇന്ന് പുലർച്ചെ എന്റെ കാലിനരികിൽ മുണ്ടിട്ട് തലവഴി മൂടിയിരിക്കുന്ന അപരിചിതനെ കണി കണ്ടാണ് ഉണർന്നത്… ഏത് ഭാഷയിൽ ഇവനോട് മാറി പോകാൻ പറയണം എന്ന് ആലോചിക്കുമ്പോൾ അവന്റെ ആത്മഗതം കേട്ടു…. “എന്തൊരു തണുപ്പാ.. ഒരു സ്വെറ്ററെങ്കിലും എടുത്തോന്ന് അമ്മ പറഞ്ഞതാ… അത് കേട്ടാൽ മതിയായിരുന്നൂന്ന് “… എന്റെ 47 കുട്ടികളിൽ ഒരാൾ കൂടി ഇപ്പോ കൂടിയിരിക്കുന്നു.. ഇറക്കിവിടാൻ തീരുമാനിച്ച അവൻ ജിതിൻ, തൊടുപുഴക്കാൻ, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡൽഹിക്ക് പോകുന്നു… മുമ്പ് സ്റ്റേറ്റ് വിന്നറായിട്ടുണ്ട്… മറ്റ് മൂന്ന് മത്സരാർത്ഥികൾക്കൊപ്പം മംഗളയിൽ book ചെയ്തത് വെറുതെയായി പോയിട്ടും മത്സരത്തിൽ പങ്കെടുക്കാൻ മനസ് മടുക്കാതെ ഒറ്റയ്ക്ക് പുറപ്പെട്ടവൻ… ഒന്നോ രണ്ടോ സ്ഥാനം നേടിയാൽ അടുത്തവർഷം IPL പോലെ അവനെ ലേലത്തിലെടുത്ത് കളിക്കിറക്കാൻ സ്പോൺസർമാർ വരുമെന്ന് സ്വപ്നം കാണുന്നവൻ… പരിചയപ്പെട്ട മാത്രയിൽ ഞാനവനൊത്ത് പഞ്ചഗുസ്തി പിടിച്ചു.. പുഷ്പം പോലെ എന്നെ ജയിപ്പിച്ച് അടുത്ത വർഷം തൃശൂരിൽ മത്സരം വരുന്നുണ്ട് തുടക്കക്കാർക്കും മത്സരിക്കാം ടീച്ചർ പങ്കെടുക്കൂ എന്ന് പ്രചോദിപ്പിച്ചവൻ…

ചണ്ഡീഗഡ് യാത്ര (രണ്ട്)

നാല്പതുകളോടുക്കുമ്പോൾ നാലുവയസുകാരിയുടെ ആഹ്ലാദത്തോടെ നാടുതെണ്ടുന്നതിന്റെ ഹരം ഒന്നു വേറെ തന്നെയാണ്…. ആഹ്ലാദിക്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല… എന്റെ ബാല്യം എന്റെ കൗമാരം എന്റെ യൗവനം ഇനിയെന്റെ വാർദ്ധക്യവും ഇങ്ങനെ തന്നെ.. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടബോധത്തിന്റെ കണക്കെടുപ്പിൽ ശിഷ്ടം കുറച്ചേ കാണാവൂ….

നിസാമുദ്ദീനിൽ വണ്ടിയിറങ്ങാം എന്ന തീരുമാനം പിന്നെയും മാറി. ന്യൂ ഡൽഹിയിൽ വച്ച് ട്രാവൽസ്കാർ ഞങ്ങളെ കൂട്ടി നേരെ ഭക്ഷണം കഴിക്കാൻ രാജ്ഘട്ടിനടുത്തേക്ക് പോയി…. ഡൽഹിയിൽ നിരത്തിൽ പതിവ് തിരക്കോ ട്രാഫിക് ബ്ലോക്കോ ഇല്ല. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു… ഗാന്ധിജിയുടെ സ്മരണയിൽ കഴിഞ്ഞ നാലു വട്ടവും ഗദ്ഗദത്തോടെയും പ്രാർത്ഥനയോടെയും നിന്ന രാജ്ഘട്ടിന് പുറത്ത് റോട്ടിൽ നിന്നും ഫോട്ടോ എടുത്തു. അകത്തേക്ക് പ്രവേശനമില്ല…

ഞങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന ഉണ്ണി മാഷ് ഇപ്പോൾ വടകര മേഴ്സി BEd കോളേജിലാണ് പഠിപ്പിക്കുന്നത്. രാജ്ഘട്ടിൽ വച്ച് മേഴ്സിയിലെ കുട്ടികൾക്കൊപ്പം ടൂർ വന്ന മാഷെ കണ്ടു… അവർ ഒരു പ്രശ്നവുമില്ലാതെ രണ്ടു ദിവസമായി ഡൽഹി കറ ങ്ങുന്നു..ട് രംമ്പിന്റെ ഷെഡ്യൂളിന്റെ വിപരീത ഷെഡ്യൂൾ വച്ചാണ് പോക്ക്… ഏഷ്യാനെറ്റിലേക്ക് അവർ വിളിച്ച് എന്തിനാണ് ഡൽഹി മുഴുവനെന്ന മട്ടിൽ ഭീതി പരത്തും വിധം നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങളിവിടെയൊക്കെ ഒരു പ്രശ്നവും കൂടാതെകറങ്ങിയല്ലോ എന്ന് പറഞ്ഞപ്പോൾ മറുപടിയില്ലാതെ കാൾ കട്ട് ചെയ്തു… ഉണ്ണി പ്രശ്നമില്ല എന്ന് പറഞ്ഞെങ്കിലും കുട്ടികളേയും കൊണ്ട് ഡൽഹിയിൽ നിൽക്കാനുള്ള തന്റേടം ഞങ്ങൾക്കില്ല. രക്ഷിതാക്കൾ നിരന്തരം വേവലാതിയോടെ വിളിച്ചു കൊണ്ടിരിക്കുന്നു ഒപ്പം ഞങ്ങൾ അധ്യാപകരുടെ ബന്ധുക്കളും… എന്റെ രണ്ടാം ക്ലാസുകാരി ശലഭ വരെ അമ്മ ഡൽഹീല് നിൽക്കണ്ടാട്ടോന്നും പറഞ്ഞു വിളിച്ചു….

നേരെ ചാണ്ഡീഗഢിലേക്ക്… പഞ്ചാബിന്റെയും ഹരിയാനയുടേയും തലസ്ഥാനമാണെങ്കിലും ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്ര ഭരണ പ്രദേശമാണ് ചണ്ഡീഗഡ്‌.പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ.ഇന്ത്യയിലെ പ്രസിദ്ധമായ ആസൂത്രിത നഗരവും ഇതുതന്നെ… എത്രമാത്രം ദീർഘവീക്ഷണത്തോടെയാണ് നിരത്തുകളും പാർക്കിംഗ് ഏരിയകളും ബിൽഡിംഗുകളും സൈക്കിൾ പാതകൾ വരെ നിർമ്മിച്ചിരിക്കുന്നതെന്നോ.! എല്ലാ പ്രധാന നിരത്തുകളിലേക്കും മുട്ടുന്ന അപ്രധാന റോഡുകൾ… നിരത്തുകൾ വൃത്തിയും വെടിപ്പുമുള്ളതാണ്… എന്നാൽ പ്രധാന റോഡുകൾ കഴിഞ്ഞാൽ നല്ല പൊടിയും വൃത്തി കുറവും കാണാം.. അവിടുത്തെ. ചണ്ഡിമന്ദിറിൽ നിന്നും ഉരുത്തിരിഞ്ഞ പേരാണ് ദേശ നാമമായ ചണ്ഡിഗഢ് “ചണ്ഡി ദേവിയുടെ ശക്തികേന്ദ്രം”എന്നാണ് അർത്ഥം..

സ്വിസ് വംശജനായ ലെ കോർ ബ്യൂസിയർ എന്ന വാസ്തുശില്പിയാണ് ഈ നഗരം രൂപകല്പന ചെയ്തത്.1950 കളിൽ തുടങ്ങിയ നിർമ്മാണം 1960 ൽ പൂർത്തിയായി.58 ഗ്രാമങ്ങളിൽ നിന്ന് അക്കാലത്ത് ഈ പുതിയ നഗരത്തിലേക്ക് 21,000 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തു… വ്യവസായത്തിനും കായിക വിനോദത്തിനും പേരുകേട്ട നഗരമാണിത്… ഹിന്ദു, സിഖ്, മുസ്ലീം, ക്രിസ്ത്യൻ, ജൈനമതത്തിൽ വിശ്വസിക്കുന്നവർ ഇവിടെ ഒരുമിച്ച് കഴിയുന്നു.. ഹിന്ദിയും പഞ്ചാബയും സംസാരഭാഷയാണ്….
ഉച്ചക്ക് ചോറും സാമ്പാറും രസവും ഉപ്പേരിയും പപ്പടവും അച്ചാറും തൈരുമെല്ലാം കൂട്ടി ഊണുകഴിച്ചിരുന്നു… ട്രയിൻ ഭക്ഷണം ആരോഗ്യത്തേയും പേഴ്സിനേയും ബാധിക്കുമെന്നും വാങ്ങിയാൽ തന്നെ ആ സ്വാദ് എല്ലാവർക്കും പറ്റില്ലെന്നും അറിയാവുന്ന തിനാൽ ഭക്ഷണം ഞങ്ങൾ കൊണ്ടു പോയിരുന്നു… ചപ്പാത്തി, നേന്ത്രപഴം, ബ്രഡ്, ജാം, ചെറിയ പഴം, തക്കാളി ഫ്രൈ എന്നിവയും കൊണ്ടാണ് വണ്ടി കയറിയത്.. ട്രെയിനിൽ നിന്നും കഴിക്കാനുള്ള ഈ തയ്യാറെടുപ്പിന് അങ്ങോട്ടുമിങ്ങോട്ടും കൂടി 200 രൂപ per headവാങ്ങി…
ഇടയ്ക്ക് ധാഭകളിൽ ടോയ്ലറ്റ് സൗകര്യം തേടിയിറങ്ങിയപ്പോൾ കുറേ ചിരിച്ചു. നമ്മുടെ നാട്ടിലെ ടോയ്ലറ്റ് പോലെ കപ്പോ വൃത്തിയാക്കാൻ മറ്റ് സൗകര്യമോ ഇല്ല.. ക്ലോസറ്റ് മാത്രം… കുട്ടികൾ കയറും അതുപോലെ മിസ്സേന്നും പറഞ്ഞ് അമ്പരന്ന് ഇറങ്ങും… ക്ലോസറ്റിന് നടുവിൽ ചെറിയൊരു ദ്വാരവും അതിലൂടെ വെള്ളം വരാൻ ചെയ്യേണ്ട സംവിധാനവും കൃത്യമായി തന്നെ ഇരിക്കണമെന്നും പറഞ്ഞു കൊടുത്തു… ആർക്കും ഈ പരിഷ്കാരം ഇഷ്ടപ്പെട്ടില്ല എന്നു മാത്രം… ചണ്ഡീഗഡിൽ പിങ്ഞ്ചോർ ഗാർഡൻ, റോസ്ഗാർഡൻ, റോക്ക് ഗാർഡൻ, സുഖ്ന തടാകം എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്…

പിങ്ഞ്ചോർ ഗാർഡൻ

യാദവീന്ദ്ര ഗാർഡൻസ് എന്ന് കൂടി പേരുള്ള പിങ് ഞ്ചോർ ഗാർഡൻ പതിനേഴാം നൂറ്റാണ്ടിൽ മുഗൾ രാജാക്കന്മാർ നിർമ്മിച്ചതാണ്.. ഔറംഗസീബിന്റെ വ്യക്തിഗത ഉപയോഗത്തിനായി വേനൽക്കാല വസതിയായി ഇതുപയോഗിച്ചിരുന്നു… I775 ൽ പാട്യാല രാജവംശത്തിന്റെ കീഴിലായി ഈ ഉദ്യാനം… കാശ്മീരിലെ ഷാലിമാർപൂന്തോട്ടത്തിന്റെ ശൈലിയിൽ നിർമ്മിച്ച ഈ പൂന്തോട്ടം ഏഴ് ടെറസുകളിലായാണ് സ്ഥാപിച്ചിരിക്കുന്നത്.ഒന്നാം ടെറസ്സിൽ രാജസ്ഥാനി_ മുഗൾ ശൈലിയിൽ ഷിഷ് മഹൽ (ഗ്ലാസ് കൊട്ടാരം), രണ്ടിൽ ഹവ മഹൽ, മുന്നാം ടെറസിൽ രംഗ് മഹൽ, നാലാംടെറസിൽ സൈപ്രസ് മരങ്ങളും ഫലവൃക്ഷങ്ങളുടെ ഉഗ്രൻ തോട്ടങ്ങളുമുണ്ട്. അഞ്ചാം ടെറസിൽ ജൽ മഹൽ, ആറാം ടെറസിൽ ജലധാരകളും ഏഴാമത് ഓപ്പൺ എയർ തിയ്യറ്ററുമുണ്ട്… ചുറ്റും വൻമതിൽക്കെട്ടും തീർത്തിരിക്കുന്നു… നടപ്പാതയക്കരികിലെ വലിയ മാവിൻ തോട്ടത്തിനിടയിൽ പരിസരം കൂസാതെ ഉമ്മ വെച്ചും കെട്ടിപ്പിടിച്ചും മറ്റൊരു ലോകം തീർക്കുന്ന കമിതാക്കളേയും കണ്ടു…
ഗാർഡന്റെ ഒരു വശത്ത് ഒരു സ്ത്രീ പഴങ്ങൾ വിൽക്കുന്നു. നമ്മുടെ നാട്ടിലേതു പോലെ വൃത്തിയായി മുറിച്ച് ഉപ്പും മുളകും വിതറി പോകും.അവിടേക്ക് ആളുകളെ ആകർഷിക്കാൻ ഉച്ചഭാഷിണിയിൽ പാട്ട് വച്ച് വലിയ ഊഞ്ഞാലകൾ മരത്തിലിട്ട് അവർ കാത്തിരിക്കുന്നു.. ആ മാർക്കറ്റിംഗ് തന്ത്രം എനിക്കിഷ്ടപ്പെട്ടു.. വിളിച്ചു പറച്ചിലില്ല.. കൂക്കിവിളികളില്ല.. അവർ ഇരിക്കുന്നിടത്തേക്ക് പാട്ടിലും ഊഞ്ഞാലിലും ആകർഷിക്കപ്പെട്ട് ആളുകൾ വന്ന് വീഴുന്നു. ഊഞ്ഞാലാടി.. പഴം കഴിച്ചു.. പാട്ടിനൊത്ത് കുട്ടികൾക്കൊപ്പം ചുവടുവച്ചു… ഇതിലുമെല്ലാമേറെ എന്റെ ആകർഷിച്ചത് വളരെ സുന്ദരിയായ അമ്മൂമ്മയാണ് എന്റെ കുട്ടി അനുവിന്ദ് വക ഉഗ്രൻ ഫോട്ടോകളും അവർക്കൊപ്പം കിട്ടി

സാക്കിർ ഹുസൈൻ റോസ്ഗാർഡൻ

30 ഏക്കറിലായി 1600 വ്യത്യസ്ത ഇനങ്ങളിൽ പെട്ട 50,000ത്തിലധികം റോസാചെടികളുള്ള വലിയ പൂന്തോട്ടമാണിത്.. മുൻ പ്രസിദ്ധന്റ് സക്കീർ ഹുസൈൻന്റെ പേരിലറിയപ്പെടുന്ന ഈ തോട്ടം 1967ൽ ചണ്ഡീഗഡിന്റെ ആദ്യ അഡ്മിനിസ്ട്രേറ്റർ ഡോ.എം.എസ് രൺധാവയാണ് നിർമ്മിക്കാൻ നേതൃത്വം നൽകിയത്.. ഔഷധ വൃക്ഷങ്ങളും സസ്യങ്ങളും കൂടി ഇവിടെയുണ്ട്.

ഫെബ്രുവരി മാർച്ച് മാസം ഈ റോസ്ഗാർഡനിൽ നടക്കുന്ന റോസ് ഫെസ്റ്റിവൽ ഏറെ ആകർഷണീയമാണ്.. ഇതിനോടനുബന്ധിച്ച് പല പരിപാടികളും അരങ്ങേറും ഞങ്ങൾ ഫെബ്രുവരി 26 ന് ചെല്ലുമ്പോൾ അവിടെ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.., അതിനായി മൊത്തം വാരിവലിച്ചിട്ടിരിക്കയും ചെയ്തിട്ടുണ്ട്… 27 നാണ് ഇക്കൊല്ലത്തെ ഫെസ്റ്റിവൽ ആരംഭിക്കുന്നത് ഒറ്റ ദിവസത്തെ വ്യത്യാസത്തിൽ അത് കാണാൻ പറ്റാതായി… റോക്ക് ഗാർഡൻ എന്ന മഹാത്ഭുതത്തെ പറ്റി പറയുന്നതിനി അടുത്ത കുറിപ്പിലാകട്ടെ… നേരം ഒരു പാട് വൈകി.

തുടരും…

നിങ്ങൾക്കും രചനകൾ അയക്കാം
tripeat.in@gmail.com

RELATED ARTICLES

Leave a Reply

Most Popular

%d bloggers like this: