പശ്ചിമഘട്ടം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 04

അജീഷ് അജയൻ

കൊങ്കൻ ആരംഭിക്കുന്നതു ഗോവയിൽ നിന്നുമാണ്. ഇന്ത്യൻ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള പോർച്ചുഗീസുകരുടെ അധീന മേഖലയായിരുന്ന ഗോവ.

വലിയ ശബ്ദത്തിൽ മാക്സി ഭായിയുടെ റോട്ട് വെയിലർ കുരയ്ക്കുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്.

അപ്പോഴാണ് ഉറങ്ങിപ്പോയത് റൂമിന്റെ ബാൽക്കണിയിൽ ആയിരുന്നു എന്ന് മനസ്സിലാക്കുന്നത്. രാഹുലും ജിഷിലും അപ്പുറത്തെ ബാൽക്കണിയിൽ ഉണ്ടായിരുന്നു. പ്രാഥമിക കർമങ്ങൾ കഴിച്ചു നേരെ അഞ്ചുനാ ബീച്ചിൽ പോയി. രാവിലെ ആയതു കൊണ്ട് തിരക്കും കുറവ്.

ഒരുപാട് തവണ വന്ന സ്ഥലമാണെങ്കിലും കാഴ്ചകൾ പുതിയതായിരുന്നു. അഞ്ചുന യുടെ തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് ഞാനും ഷെമീൽ ഇക്കയും കൂടെ നടന്നു. മറ്റുള്ളവർ പല വഴിക്കായിരുന്നു. 10 ഓടെ എല്ലാവരും റൂമിലെത്തി. ബാഗുകളും സാധനങ്ങളും റൂമിൽ വച്ചു നേരെ റോയൽ എൻഫീൽഡ് ഗരാജ് കഫേയിലേക്കു പോയി. യാത്രികനും സുഹൃത്തുമായ പീറ്റർ ആയിരുന്നു അവിടത്തെ മാനേജർ. വഴിക്കു നല്ല വടാ പാവ് കഴിക്കാനും മറന്നില്ല.

Tripeat-Ajeesh Ajayan-photoday4-07

പീറ്റർ നാട്ടിലായിരുന്നു, ഗരാജ് കഫേയിലെ റോയൽ എൻഫീൽഡ് ചരിത്ര ശേഷിപ്പുകളായ flying flea, interceptor, ലോകോത്തര രൂപമാറ്റങ്ങളോടെയുള്ള മറ്റു ബൈക്കുകളും കണ്ടു. അവിടെ നിന്നും നേരെ ബാഗ ബീച്ചിൽ പോയി, നോട്ടീസുകൾ വിതരണം ചെയ്തു.

ഉച്ചയോടെ വഗത്തോർ ബീച്ചിലെത്തി, നേരെ വഗത്തോർ ഫോർട്ടിലേക്ക്(ചപോറ ഫോർട്ട്)പോയി. ദിൽ ചാഹ്ത ഹൈ എന്ന ചിത്രത്തിയിലെ ആ മനോഹര രംഗം മനസിലേക്ക് കടന്നു വന്നു. പോർച്ചുഗീസ് സൃഷ്ടികളുടെ ഒരു കലവറ തന്നെയാണ് ഗോവ. അവിടെയും നോട്ടീസ് വിതരണവും സ്വല്പം ഫോട്ടോഗ്രാഫിയുമായി ഞങ്ങൾ സമയം ചിലവഴിച്ചു. ഈ ഉദ്യമത്തിന് പലരും തന്ന പിന്തുണ വിവർണാനാതീതമാണ്.

സൂര്യ കിരണങ്ങൾ സ്വർണ നിറമായും പതിയെ ചുവന്ന നിറമായും മാറി, സൂര്യൻ വിട പറയുന്നത് അത്രയേറെ മനോഹരമായിട്ടായിരുന്നു. മനോഹരമായ ആ സൂര്യാസ്തമായത്തിന് ശേഷം വീണ്ടും റൂമിലേക്ക് തിരിച്ചു. ഗോവൻ സ്‌പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കി തരുമോ എന്നു ഞാൻ കളിയായി മാക്സി ഭായിയോട്‌ തലേന്ന് ചോദിച്ചിരുന്നു. മപൂസാ മാർക്കറ്റിൽ പോയി നല്ല പെടക്കണ അയല വാങ്ങി കൊണ്ടുവന്നു പാതി ഗോവൻ മസാലക്കൂട്ടൊക്കെ ചേർത്തു ചുട്ടെടുക്കാൻ മാക്സി ഭായി റെഡി ആയിരുന്നു.

നല്ല കുരുമുളകും ഉപ്പും മുളകുപൊടിയും നാരങ്ങയും ചേർത്തു ബാക്കി ഷെമീലിക്കയും ശരിയാക്കി. രണ്ടു നാടൻ രീതിയിലുള്ള മീൻ ചുട്ടതും തീ കായലും ഒക്കെയായി ആ രാത്രി ശരിക്കും ആഘോഷിച്ചു. ജിഷിലും മുകേഷേട്ടനും അഖിലേച്ചിയും രാഹുലും അഖിലും മാക്സി ഭായിയും ഞാനും കുറേനേരം പോകുന്ന വഴികളെ കുറിച്ചും അടുത്ത ദിവസത്തെക്കുള്ള പദ്ധതികളെ കുറിച്ചും വ്യക്തത വരുത്തി. പൂനെ-മുംബൈ പിടിക്കാനായിരുന്നു പദ്ധതി.

Tripeat-Ajeesh Ajayan photoday4-06

പോകുന്ന വഴിയിൽ ലോണവാലയും, അജന്ത ഗുഹകളും മറ്റുമായിരുന്നു ലക്ഷ്യം. രത്നഗിരി എന്ന കൊങ്കൻ പ്രദേശം അതി മനോഹരമാണെന്നും അത് നഷ്ടമാകുമല്ലോ കൊങ്കൻ റൂട്ട് പിടിച്ചില്ലെങ്കിൽ എന്നായിരുന്നു ഷമീലിക്കയുടെ വിഷമം. തലേന്നു വളരെ മോശമായ കുറെയേറെ പണി നടക്കുന്ന റോഡിലൂടെ(440km കൂടുതൽ) ഓടിച്ച ക്ഷീണം എല്ലാവർക്കുമുണ്ടായിരുന്നു. 30 ദിവത്തോളമുള്ള യാത്ര ആയതിനാലും തുടർന്നും ഒരുപാട്‌ ദൂരം ഓടിക്കണം എന്നതിനാലും, ഞങ്ങൾ ആ വഴി വേണ്ടെന്നു വച്ചു.

രാവിലേ തന്നെ യാത്ര തുടരേണ്ടതിനാൽ നേരത്തെ തന്നെ കിടന്നുറങ്ങി.

അതിരാവിലെ 4 മണിക്ക് തന്നെ ഉറക്കമുണർന്നു. നല്ല തണുപ്പ്.. ചീവീടിന്റെ കരച്ചിൽ…

4:30 ഓടെ എല്ലാവരും ബൈക്കെടുത്തു. ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ പൂനെ ലക്ഷ്യസ്ഥാനമാക്കി മാക്സി ഭായിയോട് വിട പറഞ്ഞു. കൊൽഹാപൂർ സതാര വഴിയായിരുന്നു പോയത്. മനോഹരമായ പശ്ചിമ ഘട്ട മലനിരകളിലൂടെ ഞങ്ങൾ മഹാരാഷ്ട്ര അതിർത്തിയിലേക്ക് ആ കൂരിരുട്ടിൽ പയ്യെ നീങ്ങി. 6 മണി കഴിഞ്ഞും വെളിച്ചം വന്നില്ല. മഴനീർ തുള്ളികൾ ഞങ്ങളെ വല്ലാതെ പതുക്കെയാക്കി.

ഭയപ്പെടുത്തുന്ന വിജനമായ റോഡുകളും സോമ്പീ കഥകളിലെ പോലുള്ള ഗ്രാമങ്ങളും, നല്ല തണുപ്പായിരുന്നു, ആരും എണീച്ചില്ല എന്നു തോന്നി. 7 മണിയോടെ മനുഷ്യ സാന്നിധ്യം കണ്ടു തുടങ്ങി. ഗോവ അതിർത്തി കടന്നു വിജനമായ മഹാരാഷ്ട്ര റോഡുകളിലേക്കു കടന്നപ്പോളും ആളനക്കം വളരെ കുറവായിരുന്നു. നമ്മുടെ കേരളം തമിഴ്നാട് കർണാടകം പോലെ ഞാൻ വാസിച്ച സ്‌ഥലങ്ങളിൽ ജനസാന്ദ്രത കൂടുതലായതിനാൽ എനിക്കങ്ങനെ തോന്നിയതാണെന്നു തോന്നുന്നു.

Tripeat-Ajeesh Ajayan-photoday4-04

ഒരു ചായ കുടിക്കാൻ പോലും കടയില്ല. ലോറിക്കാർ നിർത്തുന്ന വഴിയോരത്തെ ഒരു വെജിറ്റേറിയൻ ഹോട്ടൽ കിട്ടാൻ 30 കിലോമീറ്ററോളം പോകേണ്ടി വന്നു. പോഹ എന്ന നമ്മുടെ ഉപ്പുമാവിനെ ഓർമിപ്പിക്കുന്ന ഒരു പലഹാരവും തൊട്ടു കൂട്ടാൻ സാമ്പാർ പോലുള്ള ഒരു കറിയും. ഷെമീലിക്കയും മുകേഷേട്ടനും ഒക്കെ ബ്രെഡ് ഓംലെറ്റ് ആയിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞു, രാഹുലിനും അഖിലിനും അയല പണി കൊടുത്തു. രണ്ടു പേരും മത്സരിച്ചു ഓടുന്നുണ്ടായിരുന്നു. ഇടക്ക് മുകേഷേട്ടനും അഖിലേച്ചിയും ചെറിയ അസ്വസ്ഥത കാണിച്ചു. തിരിച്ചു കടിക്കാത്തതിനെ എല്ലാം തിന്നുന്ന ഞാൻ
പന പോലെ പിടിച്ചു നിന്നെങ്കിലും ഒരു വിമ്മിഷ്ടം എനിക്കുമുണ്ടായിരുന്നു.
അമ്പോളി, അജാര, നിപാണി എന്നിങ്ങനെ നമ്മുടെ കേട്ടു കേൾവിക്കു നിരക്കാത്ത പേരുള്ള കുറെയേറെ സ്ഥലങ്ങൾ കടന്നു പോയി. ലീഡ് ചെയ്യുന്നത് ഞാനായത് കൊണ്ട് ഗൂഗിൾ അമ്മച്ചിയുടെ നിയന്ത്രണം എനിക്കായിരുന്നു. ഇടക്കൊന്നു നിർത്തിയപ്പോൾ മാപ്പ് ക്ലോസ് ചെയ്തത് വലിയ മണ്ടത്തരമായിപ്പോയി. ആർക്കും ഫോണിൽ റൈഞ്ചില്ല. ഓഫ്‌ലൈൻ മാപ് ഒന്നുമില്ല. എന്തായാലും അടുത്ത ലക്ഷ്യം കൊൽഹാപൂർ ആയതിനാൽ നേരെ വിട്ടു.

Tripeat-Ajeesh Ajayan-photoday4-04

നമ്മുടെ ഊട്ടിയെയും മൂന്നാറിനെയും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു മല കയറി ഇറങ്ങി. മുന്നോട്ടു തന്നെ…

വഴി തെറ്റി!!!

കൊൽഹാപൂർ ഒരു 15 കിലോമീറ്റര് പോകണം എന്നു ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. 4 കിലോമീറ്റർ കഴിഞ്ഞപ്പോൾ ഹൈവേ കണ്ടു, വേറൊരു ബോർഡും.

രത്നഗിരി 58km ഇടത്തോട്ട്

തലേന്നു ഷമീലിക്കയുടെ വിഷമം ഓർത്ത ഞാൻ, എല്ലാരോടും നമുക്ക് ആ വഴിക്കു പോയലെന്താ? അവിടെ നിന്നും പൂനെക്ക് പോകാം എന്ന് പറഞ്ഞു. എല്ലാവരും പച്ചക്കൊടി.

ഭംഗിയേറിയ മഞ്ഞപൂക്കളുള്ള ഒരു മലഞ്ചെരുവിലൂടെ മുന്നിലുള്ള ഊരാക്കുടുക്കു അറിയാതെ ഞങ്ങൾ യാത്ര തുടർന്നു.

തുടരും…

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

Related articles

Leave a Reply

%d bloggers like this: