Sunday, October 17, 2021
HomeTRAVEL STORIESLIFE BEHIND THE HANDLE BARകാർമേഘം വഴിമാറുന്നു

കാർമേഘം വഴിമാറുന്നു

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 02

അജീഷ് അജയൻ:

സാൾട്ട് ആൻഡ് പെപ്പെറിൽ ലാൽ ചോദിച്ച പോലെ

“പോരുന്നോ കൂടെ”

ഞാൻ മനസ്സില്ലാ മനസ്സോടെ വരുന്നില്ല എന്നു പറഞ്ഞു എങ്കിലും, മനസ്സു കാർമേഘങ്ങളാൽ മൂടി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാതകൾ, ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യത, വ്യത്യസ്തതയാർന്ന ജീവിതങ്ങൾ, ഭാഷകൾ, ചരിത്ര ശേഷിപ്പുകൾ, ഭൂപ്രകൃതി അതിനെക്കാളുമുപരി ആ സാഹസികത…

അഖിലും രാഹുലും ജിഷിലും ഷെമീലിക്കയും മുകേഷേട്ടനോടൊപ്പം കൂടി..

ഞാൻ: ഇനിയും ചോദിക്കരുത്, ഞാൻ ചിലപ്പോൾ വന്നേക്കും…

എന്ന നീയും വാ എന്നു അവരും… രാത്രിക്കുള്ളിൽ ഞാനൊരു തീരുമാനം പറയാം എന്നു പറഞ്ഞ ഉടനെ അവിടെ നിന്നിറങ്ങി. റൂമിൽ എത്തുന്ന വരെയും എന്തൊക്കെയോ മനസ്സിലൂടെ ഒരു സിനിമ റീല് പോലെ ഓടിക്കൊണ്ടിരുന്നു. കുറ്റമറ്റ യാത്രികരുടെ പലരുടെയും വാക്കുകൾ..

മാറ്റിവച്ചാൽ ഇനിയെന്ന് എന്ന ചോദ്യം.

യാത്രക്ക് വേണ്ടതെല്ലാം കയ്യിലുണ്ട്. ഒരു ഹിമാലയൻ, എല്ലാ സുരക്ഷാ കവജങ്ങളും, സ്പെയർ പാർട് എല്ലാം അവരുടെ കയ്യിലുണ്ട്..

അയ്യോ! വണ്ടി എടുത്തു അധികനാൾ ആവാത്തത് കൊണ്ട്, ഒറിജിനൽ പപ്പേഴ്‌സ് ഒന്നും കയ്യിലില്ല?

അക്കൗണ്ടിൽ ആകെ ഉള്ളത് ഒരു 9000rs!

ഈശ്വരാ, ആശിച്ചു മോഹിച്ചു കിട്ടിയ ജോലി, അതും ഏറ്റവും പ്രിയപ്പെട്ട മേഖല, യാത്രകൾ കൊണ്ട് പോകുക!

ഇന്ന് ഞാൻ പോകാൻ തീരുമാനിച്ചാൽ തകരുന്ന കുറെ വിശ്വാസങ്ങൾ, ബന്ധങ്ങൾ, ചുമതലകൾ…

മനസ്സാകെ താളം തെറ്റി….

ഒരു 10 നിമിഷം കിടക്കാം, എന്നിട്ടു തീരുമാനം എടുക്കാം എന്നു തീരുമാനിച്ചു. ഫോൺ എടുത്ത് ഒരു A R റഹ്മാൻ പാട്ടു വച്ചു. എന്നും മനസ്സു കലുഷിതമാകുമ്പോൾ അങ്ങനെയാണ് പതിവ്. ആ പാട്ടു കഴിഞ്ഞു പാടിയത് “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” യിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നു..

മനസിലേക്ക് വീണ്ടും യാത്ര കടന്നു വന്നു. പോകാം എന്നുറപ്പിച്ചു. നേരെ പട്ടാമ്പി RTO യിലെ സുഹൃത്ത് കൃഷ്ണകുമാറിനെ വിളിച്ചു, കാര്യം അവതരിപ്പിച്ചു.. സമയം വൈകീട്ട് 6 മണി. രാവിലെ തന്നെ വണ്ടിയുടെ പേപ്പറുകൾ ശരിയാക്കാം എന്നവൻ ഉറപ്പു പറഞ്ഞു.

Morickap- resort

ആദ്യ കടമ്പ താണ്ടിയിരിക്കുന്നു.

പൈസ! കെവിനെയും ജെഫ്‌റിനെയും വിഷ്ണുവിനെയും ഭാവനയെയും ഉദിത്തിനെയും വിളിച്ചു… 25000 രൂപ അടുത്ത 5 നിമിഷത്തിൽ അക്കൗണ്ടിൽ.. കെവിനും ജെഫ്‌റിനും ഒരാഴ്ചയിൽ പൈസ ഇടാമെന്നു പറഞ്ഞു. എന്റെ അക്കൗണ്ടിലുള്ളതും ചേർത്തു അങ്ങോട്ടെത്താനുള്ള കാശ് ആയിരുന്നു.. ജെഫും കെവിനും വാക്കു പറഞ്ഞാൽ വാക്കാണ്.. പിന്നെന്തു നോക്കാൻ

അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.. കാര്യമായിട്ടെടുത്തില്ലാ എന്നു തോന്നുന്നു. ഞാൻ പോണ്ടാ എന്നു പറഞ്ഞാൽ നീ യാത്ര പോവാതിരിക്കുമോ, പിന്നെപ്പോ ഞാനെന്തു പറയാനാ എന്നു ചോദിച്ചു ഫോൺ വച്ചു. അതും ശുഭം..

രഞ്ജിത് സർ നെ വിളിച്ചു കാര്യം പറഞ്ഞു.. നല്ലോണം കേട്ടു, ലാസ്റ്റ് മിനുറ്റ് വിളിച്ചതിനും ആളില്ലാത്തതിനും എല്ലാം.. അനു സർ നേം വിളിച്ചു കാര്യം പറഞ്ഞു. ആളില്ലാത്ത പ്രശനം ഉണ്ടായിരുന്നെങ്കിലും പച്ചക്കൊടി കിട്ടി.

പിന്നെല്ലാം പെട്ടെന്നായിരുന്നു, 30 മിനുട്ടിൽ ബാഗ് നിറച്ചു. 2 ജീൻസ്‌ 4 ടീഷർട്ട് 2 നിക്കറും, പിന്നെ ആക്ഷൻ കാമറ, ഹൈഡ്രേഷൻ ബാഗ്. വണ്ടി നോക്കി, രണ്ടു ബ്രേക്ക് പാഡും നല്ലതാണ്, ക്ലച്ച് അക്‌സിലറേറ്റർ കേബിളുകൾ, ഓയിലും എയർ ഫിൽറ്ററും പുതിയതാണ്. പുറകിലെ ടയർ കുറച്ചു കുറവാണ്. മനാലി വരെ ഹൈവേ ഓടും, പക്ഷെ, മുകളിലോട്ടു പോകാൻ പാടാണ്. നേരെ അടുത്ത ടയറു കടയിലെ ചേട്ടനെ വിളിച്ചു, ഭാഗ്യത്തിന് ടയര് സ്റ്റോക്കുണ്ട്.

Tripeat Ajeesh Ajayan photoday02 01

Kl 52 riders എന്ന ഞങ്ങളുടെ ക്ലബ്ബിലെ സഹ അഡ്മിൻമാരോടും മെംബേഴ്സിനോടും പറഞ്ഞു, വമ്പിച്ച പിന്തുണ…

പൗലോ കൊയ്‌ലോ പറഞ്ഞ പോലെ… എല്ലാം എനിക്കനുകൂലം..

എന്നും നല്ലകാര്യങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന പോലെ, ഇതും സംഭവിക്കുന്നു…. മുകേഷേട്ടനേം ഇക്കയെയും വിളിച്ചു.. ഞാനും വരുന്നു… രാവിലെ കാണാം, ഫ്ലാഗ് ഓഫിന് ഞാൻ ഉണ്ടാവില്ല.. നിങ്ങൾ നേരെ വിട്ടോ.. ഞാൻ പിടിച്ചോളാം എന്നു പറഞ്ഞു.

നേരെ കേറിക്കിടന്നു…..

പതിവിനു വിപരീതമായി രാവിലെ 6 മണിക്ക് തന്നെ എണീറ്റു…

Adrenaline rush

ഭയങ്കര ഊർജം… പ്രകൃതിയും വരവേറ്റു ചെറിയൊരു മഴ, നനുത്ത കാറ്റ്. നേരെ താഴെപ്പോയി ഒരു കട്ടനടിച്ചു. ടയർ എടുത്തു, ബാഗുകളും ടയറും വണ്ടിയിൽ കെട്ടി. ഒന്നു പ്രാർത്ഥിച്ചു(സാധാരണ പതിവില്ലാത്തതാണ്), അടുത്ത അമ്പലം വരെ ഒന്നു പോയി അതും വർഷങ്ങൾക്കു ശേഷം..

Tripeat-trip-eat-repeat-food-and-travel-magazine-square

തിരിച്ചെത്തുമ്പോഴേക്കും രാഹുലും, മൂപ്പനും, ഡോണിയും,പ്രസാദും, ഹരിയും റൂമിനു മുന്നിൽ.. അവരും നല്ല ത്രില്ലിലായിരുന്നു. നേരെ പട്ടാമ്പിക്കു പോയി, 5 മിനുട്ടിൽ kk എല്ലാം ശരിയാക്കി തന്നു. അപ്പോഴേക്കും മുകേഷേട്ടന്റെ ഫോൺ വന്നു, അവരിറങ്ങി.

നിങ്ങൾ വിട്ടോ എന്നും പറഞ്ഞു നേരെ ‘അമ്മ പഠിപ്പിക്കുന്ന സ്കൂളിലേക്ക്, കണ്ടു യാത്ര പറഞ്ഞു, അവരെക്കാൾ ഒരു മണിക്കൂർ പുറകിലായിരുന്നു ഞാൻ, ഞാനും യാത്ര തുടങ്ങി…

മഞ്ഞു മൂടിയ ഹിമവാന്റെ മണ്ണിലേക്ക്, നാനാ ഭാഷകളും തൊട്ടറിഞ്ഞു, പിറന്ന നാടിനായൊരു സന്ദേശവുമായി, ആ സ്വപ്ന യാത്ര…..

തുടരും…

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Leave a Reply

Most Popular

%d bloggers like this: