Wednesday, February 1, 2023
HomeTRAVEL STORIESLIFE BEHIND THE HANDLE BARമഞ്ഞും വീഴ്ചയും

മഞ്ഞും വീഴ്ചയും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 14

അജീഷ് അജയൻ:

രാവിലെ തന്നെ എല്ലാവരും എണീറ്റു. ജിഷിലും മുകേഷേട്ടനും ഇക്കയും ഒക്കെ ശ്വാസം മുട്ടിയതും ഉറങ്ങാൻ കഷ്ടപ്പെട്ടതുമൊക്കെ പറഞ്ഞു. ഒരു കട്ടനടിച്ച് കഴിഞ്ഞപ്പോഴേക്കും ജിഷിൽ നിക്കിന്റെ വണ്ടിയിൽ പണിയാൻ തുടങ്ങി. ആക്സിലറേറ്റർ കേബിൾ പഴകിയിരുന്നു, അതു മാറ്റുകയും വീണ്ടും കാർബറേറ്റർ കളീൻ ചെയ്യുകയും ചെയ്‌തെങ്കിലും ഒരു അനക്കവുമില്ല. എല്ലാവരും കൂടെ ആ ഓക്സിജൻ ഇല്ലായ്മയിലും വണ്ടി തള്ളി, പുള്ളി പിടി തരുന്നില്ല. പ്ലഗ് മാറ്റി നോക്കിയപ്പോൾ ഒറ്റയടിക്ക് സ്റ്റാർട്ട് ആയി.

അൻഫയോട് യാത്ര പറഞ്ഞു 9 ഓടെ ലേ പട്ടണം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കുറച്ചു ദൂരം പിന്നിട്ടതും ഹിമാലയത്തിലെ ഏറ്റവും ഉയരത്തിലുള്ള പരന്ന പ്രദേശമായ മൂർ പ്ലെയിൻസ് എത്തി. 45 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ആ ഭാഗം വിവരണാതീതമാണ്. മേഘങ്ങൾ താഴേക്കിറങ്ങി വന്ന പോലെ, മലയിടുക്കുകൾക്കു ഒരു പ്രത്യേക ഭംഗി. ആകെ മൊത്തം ആകാശത്തിലൂടെ വണ്ടി ഓടിക്കുന്ന പ്രതീതി. ഞങ്ങൾ കുറച്ചു പേർ നല്ല റോഡ് ഒഴിവാക്കി സമാന്തരമായ മണൽപ്പാതയിലേക്കിറങ്ങി. നിന്നുകൊണ്ട് ഓടിക്കുന്ന ആ റൈഡ് ശരിക്കും ആസ്വദിച്ചു. ഇടക്ക് ചെറിയ ജമ്പുകളും കിട്ടി, പക്ഷെ വണ്ടിക്കു സാധാരണ പോലുള്ള ശക്തിയില്ലായിരുന്നു. അവനും ഓക്സിജൻ കുറവ് മൂലം നന്നായി ബുദ്ധിമുട്ടി.

Tripeat-Ajeesh Ajayan-photoday-Day14-03

Tripeat-Ajeesh Ajayan-photoday-Day14-01

ഞാനും ഷെമീലിക്കയും നിക്കും ഏറ്റവും പുറകിലായിരുന്നു. കുറേയേറെ ഫോട്ടോകൾ എടുത്തു. ആളൊഴിഞ്ഞ കുറേയേറെ സ്ഥലങ്ങൾ ഫോട്ടോ എടുക്കാനായി ലഭിച്ചു. ധാരാളം മിലിട്ടറി ലോറികൾ കടന്നു പൊയ്കൊണ്ടിരുന്നു. എല്ലാവർക്കും സല്യൂട്ട് കൊടുക്കുന്നതും, തിരിച്ചു തരുന്നതും ഒരു ശീലമായി മാറി. കുറേയേറെ മലയാളി പട്ടാളക്കാർ വണ്ടി നമ്പർ കണ്ടു, അളിയാ എന്നും, യാത്ര സുഖമല്ലേ എന്നുമൊക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

തലേന്നു നിക്ക് എല്ലാവരുടെയും ടെന്റ് വാടക കൊടുത്തതിനാൽ പുള്ളിയെക്കൊണ്ടു ഒന്നിനും കാശു ചെലവാക്കാൻ ഞങ്ങൾ സമ്മതിച്ചില്ല. ഡബ്‌റിങ് എത്തിയപ്പോൾ വണ്ടി നിർത്തി. എല്ലാവരും സ്റ്റിംഗ് ഒക്കെ കുടിച്ചു ഉഷാറായി. ചിലരൊക്കെ മാഗി നൂഡില്സും ബ്രഡ് ഓംലെറ്റും കഴിച്ചു.

പതിയെ ടങ് ലങ് ലാ കയറിത്തുടങ്ങി, റോഡു വളരെ മോശം. ഭൂപ്രകൃതിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. ടോപ്പ് എത്തും തോറും ഓക്സിജൻ കുറവ് നന്നായി അനുഭവപ്പെട്ടു. മുകളിലെത്തിയപ്പോൾ ഒരു പുത്തൻ മഞ്ഞു വീഴ്ചയും ലഭിച്ചു. ഞാനും ഷെമീലിക്കയും ഒഴികെയുള്ളവർ എല്ലാം പെട്ടെന്ന് തന്നെ ഓരോ ഫോട്ടോ എടുത്തു വണ്ടിയെടുത്തു. അഖില ചേച്ചിക്കും രാഹുലിനും ഒക്കെ നല്ല തലവേദനയും മനം പുരട്ടലും അനുഭവപ്പെട്ടു. Ams എന്നത് ചെറിയ കളിയല്ല എന്നറിയാവുന്നത് കൊണ്ട് എല്ലാവരും പെട്ടെന്ന് പോയി.

Tripeat-Ajeesh Ajayan photoday-Day14-03

ഞാനും ഷെമീലിക്കയും മഞ്ഞു ആസ്വദിച്ചു കുറച്ചു നേരം നിന്നു. രണ്ടു പേരും ഗോപ്രോ ഓണ് ചെയ്തു മഞ്ഞു വീഴ്ചയിലെ യാത്ര വീഡിയോ എടുത്തു കൊണ്ട് ആടിപ്പാടി ഇറങ്ങുകയായിരുന്നു. റോഡിൽ പല സ്ഥലത്തും ഉറച്ച മഞ്ഞും, ബ്ലാക്ക്‌ ഐസ് എന്നറിയപ്പെടുന്ന കറുത്ത കളറിലുള്ള ഐസ് കഷണങ്ങളും ധാരാളം ഉണ്ടായിരുന്നു. ചെറുതായി വഴുക്കുന്നുണ്ടായെങ്കിലും സെക്കൻഡ് ഗിയറിൽ പതിയെ ഇറങ്ങിക്കൊണ്ടിരുന്നു.

നല്ല ദാഹം ഉണ്ടായതിനാലും, അഹങ്കാരം സ്വല്പം കൂടിയതിനാലും, വണ്ടി സൈഡ് ആക്കാതെ ഓടിച്ചുകൊണ്ടു തന്നെ ഞാൻ ഹൈഡ്രേഷൻ പൈപ്പ് വച്ചു വെള്ളം കുടിക്കുകയായിരുന്നു. ഷമീലിക്ക, ഹെല്മെറ്റിനകത്ത് ഫോഗ് അടിച്ചു കാഴ്ച തടസ്സപ്പെട്ടതിനാൽ വണ്ടി നിർത്താൻ നോക്കുകയായിരുന്നു എന്നെനിക്കു മനസ്സിലായില്ല. ആദ്യത്തെ ബ്രേക്കിൽ ഒന്നു പുള്ളിയുടെ വണ്ടി പാളി, വീണ്ടും ട്രാക്കിലായി, പൈപ്പിൽ നിന്നും കൈ വിടും മുന്നേ തന്നെ വീണ്ടും പുള്ളി ബ്രേക്ക് അടിച്ചു, വണ്ടി ബ്ലാക്ക്‌ ഐസിൽ കയറി തെന്നി പുള്ളി ഒരു 3 മീറ്റർ മുന്നിൽ വീണു. ആ ഞെട്ടലിലും ദൂരം കുറവായതിനാലും, ഐസ് ആയതിനാലും ബ്രേക്ക് പിടിക്കാതെ എനിക്കും വഴിയില്ലായിരുന്നു. ഇല്ലെങ്കിൽ ഞാൻ ഇക്കയുടെ മേലെ പോയിക്കയറും. ഞാനും ബ്രെക്ക് അടിച്ചു, പ്രതീക്ഷിച്ച പോലെ തന്നെ താഴെ വീണു.

Tripeat-Ajeesh Ajayan photoday-Day14-05

Tripeat-Ajeesh Ajayan photoday-Day14-04

Tripeat-Ajeesh Ajayan-photoday-Day14-06

ഞാൻ വീഴും എന്നുറപ്പിച്ചു വീണതിനാൽ വണ്ടിക്കകത്തു പെട്ടില്ല, എണീക്കാനായി. ഞാൻ എണീറ്റു നോക്കുമ്പോൾ ഇക്ക വണ്ടിക്കടിയിൽ കുടുങ്ങി കിടക്കുകയാണ്. എന്റെ വണ്ടി അവിടെ ഇട്ടു ഓടിച്ചെന്നു വണ്ടി ഒരു വശം പൊക്കി ഇക്കയെ പുറത്തെടുത്തു. രണ്ടു പേരും എല്ലാ റൈഡിങ് ഗിയറുകളും ധരിച്ചിരുന്നതിനാൽ ഒന്നും സംഭവിച്ചില്ല. ഇക്കയുടെ വണ്ടി പൊക്കി വച്ചപ്പോഴേക്കും രണ്ടു പേർക്കും ശ്വാസം കിട്ടാതെയായി. വെള്ളം കുടിച്ചും ശ്വസന വ്യായാമങ്ങൾ ചെയ്തും ഏതാണ്ട് പതിനഞ്ചു മിനുറ്റ് നിന്നു. ഇത്രയും നേരം ഒരാൾ പോലും ആ വഴി വന്നില്ല. താഴെ ഒരു വളവിലൂടെ മുകേഷേട്ടനും മറ്റുള്ളവരും പോകുന്നത് ഒരു പൊട്ടു പോലെ കാണാമായിരുന്നു.

എന്റെ വണ്ടി കൂടെ പൊക്കിയെടുത്തു. ഇക്കയുടെ വണ്ടിക്കു കാര്യമായി ഒന്നും പറ്റിയില്ല. എന്റെ ഹാന്റിൽബാർ നന്നായി വളഞ്ഞു. അടുത്തു കിടന്ന ഒരു കരിങ്കല്ല് എടുത്തു ഇടിച്ചു നിവർത്തി ഓടിക്കാവുന്ന പരുവമാക്കി. ടൂൾസും സ്പെയർ പാർട്സും എല്ലാം അഖിലിന്റെ വണ്ടിയിലായിരുന്നു. പതിയെ താഴേക്കു ഇറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്നു.Tripeat-Ajeesh Ajayan-photoday-Day14-07

താഴെ രുംസെ എത്തിയപ്പോൾ ഞങ്ങളെ കാണാതെ പേടിച്ചു മുകേഷേട്ടനും രാഹുലും തിരിച്ചു വരാൻ തയ്യാറെടുക്കുകയായിരുന്നു. കഥ പറഞ്ഞു കുറെ ചിരിച്ചെങ്കിലും, അല്പം ഭയാനകമായ ഒരു അനുഭവമായിരുന്നു അത്. ഒറ്റക്കാണ് ഒരാൾ പെട്ടിരുന്നതെങ്കിൽ വലിയ അപകടം ആയേനെ അത്. മുന്നോട്ടു പോയി കാരൂ എത്തി പെട്രോൾ അടിച്ചു വണ്ടിയുടെ വയറു നിറച്ചു. എന്റെയും ഇക്കയുടെയും കാനിലെ പെട്രോൾ ആവശ്യം വന്നില്ല.

ചായ കുടി കഴിഞ്ഞു ലേ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇടുങ്ങിയ റോഡുകളും തലങ്ങനെയും വിലങ്ങനെയും വാഹനങ്ങളും കടന്നു 5 മണിയോടെ ലേ എത്തി. അവിടെ റോയൽ എൻഫീൽഡ് ഷോറൂമിൽ പോയി ആവശ്യമായ സ്പെയർ പാർട്സും വാങ്ങി മാർക്കറ്റിന് അടുത്തുള്ള ചോസിൻ എന്നൊരു ഹോം സ്റ്റേയിൽ അഭയം തേടി. ആപ്പിൾ മരങ്ങൾ നിറഞ്ഞ ഒരു പൂന്തോട്ടമുണ്ടായിരുന്നു. ചെന്ന ഉടനെ അവരുടെ പെർമിഷനോടെ ഫ്രഷ് ആപ്പിൾ പറിച്ചു തിന്നു. നിക്കും ഞങ്ങൾക്കൊപ്പമായിരുന്നു. ബാഗ് എല്ലാം ഇറക്കി വച്ചു ഒന്നു കുളിച്ചു. പല ടീമുകളായി വണ്ടി എടുക്കാതെ നടക്കാനിറങ്ങി.

ലേ മാർക്കറ്റ് അതി മനോഹരമായിരുന്നു. അതിനോടു അനുബന്ധിച്ചുള്ള മാൾ റോഡും കച്ചവട തെരുവുകളും ചുറ്റിക്കണ്ടു. ഇടക്കൊരു പഴയ സന്യാസിയെ കുപ്പിയിലാക്കിയത് വാങ്ങാനും മറന്നില്ല, നല്ല തണുപ്പായിരുന്നു. ഭക്ഷണം മുകേഷേട്ടനും മറ്റും വാങ്ങി വരാം എന്നേറ്റത്തിനാൽ കുറച്ചു കബാബ് ഒക്കെ വാങ്ങി റൂമിലേക്ക് തിരിച്ചു.

നല്ലൊരു ക്യാമ്പ് ഫയറും പാട്ടുകളും ചുവടുവെപ്പും അടുത്ത ദിവസം മുതലുള്ള പ്ലാനുകളുമായി ശരിക്കും ആ രാത്രി ആഘോഷിച്ചു. മനോഹരമായ ആകാശവും, നല്ല തണുപ്പും ഒരു പ്രത്യേക ഉന്മേഷം തന്നു. പതിയെ കട്ടിയുള്ള ബ്ലാങ്കറ്റിനുള്ളിലേക്ക് വലിഞ്ഞു കയറി.

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Most Popular

%d bloggers like this: