Friday, August 12, 2022
HomeTRAVEL STORIESLIFE BEHIND THE HANDLE BARഘാട്ടാ ലൂപ്‌സ്

ഘാട്ടാ ലൂപ്‌സ്

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 13

അജീഷ് അജയൻ:

അതികഠിനമായ തണുപ്പു കാരണം രാവിലെ തന്നെ എണീറ്റു. പുറത്തു ബാൽക്കണിയിലേക്കു ഇറങ്ങിയ എന്നെ എതിരേറ്റ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ചെറുതായി മഞ്ഞു പെയ്യുന്നു, മുന്നിലെ മഞ്ഞു മൂടിയ മലയിടുക്കിലൂടെ പതിയെ തല പൊക്കുന്ന സൂര്യൻ. പതിയെ താഴേക്കു ഇറങ്ങി, സിസ്സു ഉണർന്നിട്ടില്ലായിരുന്നു. പൈൻ മരങ്ങളുടെ ഇലകളിലൂടെ ഒഴുകി താഴേക്കു വീഴാൻ മറന്നു തണുത്തുറച്ചുപോയ മഞ്ഞു തുള്ളികൾ.

വണ്ടി ഒന്നു സ്റ്റാർട്ട് ആക്കി, ചെയിൻ ക്ലീൻ ചെയ്‌ത് ഓയിൽ അടിച്ചു. ഹോട്ടലിലെ ഭയ്യ ചൂടു കാവ കൊണ്ടു വന്നു തന്നു. കൈ കോച്ചുന്ന തണുപ്പായിരുന്നു, 2 കപ്പ് കാവ കുടിച്ചപ്പോളാണ് ശരീരം കുറച്ചെങ്കിലും ചൂടായത്. 8 മണിയോടെ എല്ലാവരും ബാഗ് പാക്ക് ചെയ്തു ബ്രേക്ഫാസ്റ്റ് കഴിച്ചു ഗിയേഴ്‌സ് ഇട്ടു റെഡിയായി. ടണ്ടി എന്ന ഈ റൂട്ടിലെ അവസാന പെട്രോൾ പമ്പായിരുന്നു ആദ്യ ലക്ഷ്യം. ഒരുപാടു റൈഡേഴ്‌സിനെ റോഡിൽ വച്ചു കണ്ടു. എല്ലാവരും കൈ കാണിച്ചു മറ്റു റൈഡേഴ്‌സിനെ അഭിവാദ്യം ചെയ്താണു കടന്നു പോകുന്നത്, നല്ലൊരു അനുഭവമായിരുന്നു അത്.

Tripeat-Ajeesh Ajayan photoday Day13-02

ടണ്ടി പെട്ടെന്നു തന്നെ എത്തി, എല്ലാവരും വണ്ടിയുടെ ടാങ്ക് നിറച്ചു. 367 കിലോമീറ്റർ ദൂരം കഴിഞ്ഞു കാരൂ എന്ന സ്ഥലത്താണ് അടുത്ത പെട്രോൾ പമ്പുള്ളത്. അതിനിടക്ക് കുറെയേറെ മലകളും ഹൈ ആൽറ്റിട്യൂഡ് സ്ഥലങ്ങളും കടന്നു വേണം മുന്നോട്ടു പോകാൻ. അതിനാൽ തന്നെ വണ്ടികളുടെ മൈലേജ് സാധാരണ പോലെ ലഭിക്കാൻ ഒട്ടും സാധ്യതയില്ല, പെട്രോൾ കരുത്തിയില്ലെങ്കിൽ വഴിയിൽ കിടന്നതുതന്നെ. അവിടെ വച്ചു ഒട്ടനവധി മലയാളികളെ പരിചയപ്പെടാനും സാധിച്ചു.

വണ്ടികളുടെ വയറു നിറച്ച് അവിടെ നിന്നും യാത്ര തുടർന്നു. ഓരോ മലകൾ കടക്കുമ്പോളും ഓരോ വളവുകൾ തിരിയുമ്പോളും ഭൂപ്രകൃതിയും കാഴ്ചകളും വ്യത്യസ്തമായിരുന്നു. ശരിക്കും ഒരു മായാ ലോകത്തിലെത്തിപ്പെട്ട അവസ്ഥയായിരുന്നു. അങ്ങനെ കുറെയധികം ദൂരം പിന്നിട്ടു ഞങ്ങൾ ഉച്ചയോടെ സർച്ചു എന്ന സ്ഥലത്തെത്തി. അവിടെ ഓക്സിജൻ കുറവായ പ്രശ്‌നമുള്ളതിനാൽ അധികനേരം നിന്നില്ല. കൂടാതെ പാങ് എന്ന സ്ഥലം ഓക്സിജൻ ലഭ്യത കുറഞ്ഞതും ഒട്ടും താമസ യോഗ്യമല്ലാത്തതിനാലും അതു കടക്കണം എന്നുള്ളതായിരുന്നു ഉദ്ദേശം.ഘാട്ടാ ലൂപ്‌സ് കയറിത്തുടങ്ങി. ഒരു സ്ഥലത്ത് ഒരുപാട് വെള്ളം കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു. സംഗതി എന്താണെന്ന് വച്ചാൽ, ഒരു പ്രേത കഥയാണ്. പണ്ടൊരു ലോറി ഡ്രൈവർ വെള്ളം കിട്ടാതെ അവിടെക്കിടന്നു മരിച്ചു എന്നും അതിനു ശേഷം അതിലെ യാത്ര ചെയ്യുന്നവരുടെ മുന്നിലേക്ക് ഒരപരിചിതൻ വെള്ളം ചോദിച്ചു കടന്നു വരാൻ തുടങ്ങി എന്നുമാണ് കഥ. യാത്രികർ അയാൾക്ക്‌ വേണ്ടി അവിടെ വെള്ളം വച്ചു യാത്ര തുടരുന്നതാണത്രേ. എന്തു വിശ്വാസത്തിന്റെ പുറത്താണെങ്കിലും പ്ളാസ്റ്റിക് കുപ്പികൾ ഹിമാലയൻ മലനിരകളിൽ ഉപേക്ഷിക്കുന്നത് വളരെ മോശമാണ്, അതിനാൽ വരുന്ന മലിനീകരണം ഒഴിവാക്കേണ്ടത് തന്നയാണ്‌ എന്നോർത്തു.

Tripeat-Ajeesh Ajayan photoday Day13-06

ഘാട്ടാ ലൂപ്സിലെ കുത്തനെയുള്ള കയറ്റവും വളവുകളും, നല്ല സ്പീഡിൽ ഇറക്കമിറങ്ങി വരുന്ന മിലിട്ടറിയുടെയും അല്ലാത്തതുമായ ലോറികളും, നക്കീല പാസ്സ് എത്താൻ ശരിക്കും ബുദ്ധിമുട്ടി. നക്കീല പാസിൽ നിന്നും യാത്ര തുടരുമ്പോൾ ചെറുതായി മഞ്ഞു പെയ്തു തുടങ്ങിയിരുന്നു. ഓക്സിജൻ കുറവു കാരണം വണ്ടിയും നന്നായി കിതക്കുന്നുണ്ടായിരുന്നു. 4 മണിയോടടുത്ത് പാങ് പരിസരങ്ങളിൽ വച്ചു “നിക്ക്” എന്നൊരു ഓസ്‌ട്രേലിയൻ യാത്രികൻ അദ്ദേഹത്തിന്റെ ബുള്ളെറ്റ് കേടായി നിൽപ്പുണ്ടായിരുന്നു. ഓക്സിജൻ കുറവു കാരണം വണ്ടി തള്ളി നീക്കാൻ പോലും കഴിയാതെയുള്ള ആ നിൽപ്പു കണ്ടില്ലെന്നു നടിക്കാനായില്ല. ജിഷിൽ ടൂളുകൾ എടുത്തു പണി തുടങ്ങി, കഴിയാവുന്ന പോലെ ഞങ്ങളും സഹായിച്ചു. കാർബറേറ്റർ പിസ്റ്റൻ തേഞ്ഞുരഞ്ഞു വളരെ മോശമായ അവസ്ഥ. 2 മണിക്കൂറോളം പണിപ്പെട്ടു വണ്ടി ഓടിക്കാവുന്ന അവസ്ഥയിലാക്കി എങ്കിലും നല്ല മിസ്സിംഗ് ഉണ്ടായിരുന്നു. എല്ലാവരും നന്നായി ക്ഷീണിച്ചു, കൂടാതെ വെളിച്ചവും കുറഞ്ഞു തുടങ്ങി. മുന്നോട്ടുള്ള 40 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യാനാവില്ല എന്ന അവസ്ഥയായി. പാങ്ങിനു മുൻപുള്ള ക്യാമ്പിങ് പോയി നോക്കി എങ്കിലും അവിടം നിറഞ്ഞിരുന്നു, നിക്കിനെ ഒറ്റക്കാക്കി പോകാനും കഴിയില്ല, വേറെ വഴിയില്ലാത്തതിനാൽ അന്നു പാങ്ങിൽ താമസിക്കാം എന്നു തീരുമാനിച്ചു.

Tripeat-Ajeesh Ajayan photoday-Day13-03

മുൻപിൽ ചെറിയ ഹോട്ടൽ, പുറകിൽ ഷീറ്റുകൾ കൊണ്ടു നിർമിച്ച മുറികൾ. ആൾക്ക് 100 രൂപ എന്ന നിരക്കിൽ ബെഡ് ലഭിച്ചു. കറന്റ് ഇല്ലാത്തതിനാൽ വണ്ടിയിൽ തന്നെ കുറച്ചു നേരം കാമറ ഒക്കെ ചാർജ് ചെയ്തു. തണുപ്പ് കൂടിക്കൂടി വന്നു. ചൂടുള്ള നൂഡിൽസ് ഒക്കെ കഴിച്ചെങ്കിലും എല്ലാവർക്കും ആകെ അസ്വസ്ഥതകൾ. കർപ്പൂരം പൊടിച്ചു മണത്തും വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചും ഓക്സിജൻ നില നോർമലാക്കി നിർത്താൻ എല്ലാവരും കഷ്ടപ്പെട്ടു. ഓക്സി മീറ്റർ നോക്കിയപ്പോൾ ഭയം കൂടി എന്നതാണ് സത്യം. അധികം ശരീരം അനക്കാതെ, ക്ഷീണം വരാതെ പിടിച്ചു നിന്നു. 11 മണിയോടടുത്തും എനിക്കു ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു. ആകെ ഒരു വിമ്മിഷ്ടം. ഞാൻ പതിയെ പുറത്തിറങ്ങി.

Tripeat-Ajeesh Ajayan photoday-Day13-04

ടെംപറേച്ചർ ഏകദേശം മൈനസ് 1. അപ്പോഴും ആ ധാബയിലെ ഒരു കൊച്ചു കുട്ടി ഹിന്ദി പാട്ടുകൾക്ക് ചുവടു പിടിക്കുന്നു. വളരെ സുന്ദരിയായ അൻഫ എന്ന ഒരു പെണ്കുട്ടിയും അവളുടെ അമ്മയുമായിരുന്നു ആ ഹോട്ടൽ നടത്തിയത്. അൻഫയുടെ സഹോദരിയുടെ മകളാണ് ഈ കുട്ടി. കുറെ നേരം ആ കുട്ടിയുടെ ഡാൻസ് കണ്ടും അൻഫയോട് സംസാരിച്ചും അവിടെയിരുന്നു. അവർ കസോൾ പരിസരങ്ങളിൽ താമസിക്കുന്നവരാണ്, ലഡാക്ക് സീസൺ തുടങ്ങിയാൽ ഇവിടെ വന്നു സീസൺ കഴിയും വരെ ജോലി ചെയ്യും. അവരുടെ കഥകൾ കേട്ടും, നല്ല കാവ കുടിച്ചും, കേരളത്തെ പറ്റിയും നമ്മുടെ കാലാവസ്ഥയെ പറ്റി അവർക്കു വിവരിച്ചും അവിടെയിരുന്നു. ഏതാണ്ടു 2 മണിയോടടുത്താണ് പോയി കിടന്നത്. ആ അസഹനീയമായ തണുപ്പിലും അസ്വസ്ഥതയിലും, ക്ഷീണം കാരണം എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി.

തുടരും.

Tripeat-Ajeesh Ajayan photoday-Day13-01


ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Most Popular

%d bloggers like this: