Saturday, October 16, 2021
HomeTRAVEL STORIESLIFE BEHIND THE HANDLE BARമരുഭൂമിയും തടാകങ്ങളും

മരുഭൂമിയും തടാകങ്ങളും

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 07

അജീഷ് അജയൻ:

ഒരു കാറിൽ 2 പേർ, ബോർഡ് കണ്ടിട്ടാണെന്നു തോന്നുന്നു കൈ കാണിച്ചത്. ഒരുപാട് പേരങ്ങനെ വിശേഷം ചോദിക്കാറുള്ളതുകൊണ്ട് വണ്ടി നിർത്തി. ഒരു മലയാളി കുടുംബം, ഗൃഹനാഥൻ ബറോഡ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അവർ നടത്തിയ പ്രവർത്തനങ്ങളെക്കറിച്ചും കേരളത്തിലെ അവസ്ഥയെ കുറിച്ചും സംസാരിച്ചു. പത്തനംതിട്ടയാണ് നാട്.

Tripeat-Ajeesh Ajayan photoday Day07-01

ഒരു ദിവസം അവിടെ നിൽക്കണം, അടുത്ത ദിവസം വൈകീട്ട് ഞങ്ങൾക്കൊരു സ്വീകരണം തരാം, നിങ്ങൾ ചെയ്യുന്നതിന് ഇങ്ങനെയെങ്കിലും തിരിച്ചു ചെയ്യണം എന്നൊക്കെ പറഞ്ഞു കുറെ നിർബന്ധിച്ചു. സ്നേഹപൂർവം അവരുടെ ക്ഷണം നിരസിച്ചു ഞങ്ങൾ മുന്നോട്ടു പോയി.

വൈകീട്ട് 4നു മുന്നേ ഓയോ റൂം ബുക്ക്‌ ചെയ്തില്ലെങ്കിൽ നഷ്ടമാണ്, അതിനാൽ മുകേഷേട്ടനും അഖില ചേച്ചിയും ഷെമീലിക്കയും കൂടെ പട്ടണാതിർത്തിയിൽ ഉള്ള ഹോട്ടലുകൾ തിരഞ്ഞു പോയി, ഞാനും അഖിലും രാഹുലും ജിഷിലും ഒക്കെ ഓയോ റൂമുകളും. അവസാനം നല്ലൊരു ഓയോ റൂം കിട്ടി.

അടുത്ത ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാനിറങ്ങിയ ഞങ്ങൾ കണ്ടത് ജനനിബിഢമായ റോഡുകളാണ്. ഗണേശ ചതുർഥിയുടെ ഭാഗമായ വലിയ ഗണപതി പ്രതിമകളുമായി ആൾക്കാർ. പുറകിൽ വലിയ ലോറികൾ മുഴുവനും സ്റ്റേജ് പോലെ കെട്ടിയുണ്ടാക്കി ഗാനമേള, ഡി ജെ, നൃത്തം, ലൈറ്റുകൾ, ഇതു പുതിയൊരു കാഴ്ചയായിരുന്നു ഞങ്ങൾക്കെല്ലാം. ഈ ശബ്ദ കോലാഹലം കാരണം രാത്രി ഉറങ്ങാനായില്ല എന്നത് മറ്റൊരു സത്യം.

പാലസ്, ലേക്ക്, മരുഭൂമി, ഇതൊക്കെയായിരുന്നു അടുത്ത ദിവസത്തെ പദ്ധതി. അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ കെവിനും ജെഫും കാശയച്ചിരുന്നു, പൈസയുടെ കാര്യത്തിൽ ഇനി പേടിക്കണ്ട. എന്നും അങ്ങനെയാണ്, സൗഹൃദങ്ങളാണ് മുന്നോട്ടു നയിച്ചിരുന്നത്. നാളത്തെ പുതുമകളെ ഓർത്തു കൊണ്ടു, സുഖ നിദ്രയിലേക്ക്…

മുൻപും യാത്രകൾ ചെയ്തിട്ടുണ്ടങ്കിലും ഇത്രയേറെ സംസ്കാരങ്ങളെ തൊട്ടറിഞ്ഞു, ഭാഷാ വൈവിധ്യങ്ങളിലൂടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു യാത്ര. ഓരോ ദിവസവും പുതിയതായിരുന്നു, അനുഭവങ്ങളും, കണ്ടു മുട്ടുന്ന ആളുകളും പുതിയതായിരുന്നു.

സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് എത്ര ശരിയാണ്. “നിങ്ങൾ പൊട്ടക്കുളത്തിലെ തവളകൾ ആവരുത്, യാത്ര ആയിരിക്കണം നിങ്ങളുടെ വിദ്യാഭ്യാസം, യാത്ര ചെയ്യുന്ന ഒരാൾക്ക് സഹിഷ്ണുതയും സഹാനുഭൂതിയുമുള്ള നല്ലൊരു വ്യക്തി ആയിത്തീരാൻ കഴിയും”.

പതിവുപോലെ എന്റെ അലാറം ഷമീലിക്കയെയും ജിഷിലിനെയും ഉണർത്തി, എനിക്ക് എഴുന്നേൽക്കാൻ മടിയാണെങ്കിലും എഴുന്നേറ്റാൽ പെട്ടെന്നു തന്നെ ഒരുക്കങ്ങളെല്ലാം കഴിയും. വണ്ടികളുടെ സ്ഥിതി ഒന്നുകൂടെ വിലയിരുത്തി. പെട്രോൾ വിലയിൽ പ്രതിഷേധിച്ച് ഹർത്താലാണ് ഇന്ത്യ മുഴുവനും, ഇവിടത്തുകാർ ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.

അടുത്ത കടയിൽ നിന്നും നല്ല ഇഞ്ചിച്ചായ കിട്ടി, മറ്റുള്ളവരെയും വിളിച്ചു ചായ കുടിപ്പിച്ചു യാത്ര തുടങ്ങി. 100 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ജിഷിലാണ് വന്നു പറഞ്ഞത് അഫ്സൽ ഖാൻ പുറകിലുണ്ട്, അവൻ കണ്ടു എന്നു. അദ്ദേഹം ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരുപാടു വർഷത്തെ പരിചയമുള്ള ഒരു ബൈക്ക് യാത്രികനും റോയൽ വിങ്‌സ് റൈഡിങ് ക്ലബ്ബിന്റെ അഡ്മിനും, റൈഡ് ഫോർ ബ്രദർഹുഡ് എന്ന ദൂര യാത്രാ സഹായ ക്ലബ്ബിന്റെ സ്ഥാപകനും ഒക്കെയാണ്.

Tripeat-Ajeesh Ajayan photoday Day07-03

ഞങ്ങൾ ഒരു ആളൊഴിഞ്ഞ സ്ഥലത്തു വണ്ടി നിർത്തി. അദ്ദേഹം വന്നു വണ്ടി നിർത്തി കുശലാന്വേഷണം നടത്തി. ഒരു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് യാത്രയുടെ ഭാഗമായി അവരും കാശ്മീരിലോട്ടു തന്നെ, കൂടെ ഉള്ളത് ഒരു മെക്കാനിക്ക് ആയ ഖയ്യും ഖാൻ, ജിഷിലും ഖയ്യും ബായും മെക്കാനിക്ക് മെക്കാനിക്ക് ചങ്കുകളായി ഫോട്ടോ ഒക്കെ എടുക്കുന്നുണ്ടായിരുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ ഏറ്റവും കുറവു സമയം കൊണ്ടു സഞ്ചരിക്കുന്ന ഗ്രൂപ്പ് എന്ന റെക്കോർഡ് ആണ് അവരുടെ ഉദ്ദേശം, 44 റൈഡേഴ്‌സ്, 12 ദിവസം. ഞങ്ങൾ സ്റ്റിക്കറുകളും ബാഡ്‌ജും കൈമാറ്റം ചെയ്തു(അതൊരു പതിവാണ്), അങ്ങിനെ കൈമാറ്റം ചെയ്ത സ്റ്റിക്കറുകളാണ് ലഡാക്കിൽ പോയി വന്ന അല്ലെങ്കിൽ ഇന്ത്യ കറങ്ങി വരുന്ന വണ്ടികളിൽ ചറ പറാ ഒട്ടിച്ചു കാണുന്നത്. വെറുതേ ആൾക്കാരെ കാണിക്കാൻ മാത്രമല്ല, കടന്നു പോയ സ്ഥലങ്ങളും, കണ്ടു മുട്ടിയ ആൾക്കാരെയും ആ യാത്രക്കു സഹായിച്ച അല്ലെങ്കിൽ പിന്തുണച്ചവരെയും അതു പ്രതിനിധാനം ചെയ്യുന്നു.

Tripeat-Ajeesh Ajayan photoday Day07-04

അവരോടു യാത്ര പറഞ്ഞു, ഞങ്ങൾ മണലാരണ്യങ്ങൾ തേടി ഉദയ്പൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ഭൂപ്രകൃതി മാറി വരുന്നു, മണ്ണിന്റെ നിറം, പച്ചപ്പ്‌ മാറി ചുവന്നു വരുന്നു, മരങ്ങൾ നന്നേ കുറവ്, ചൂട് കൂടി, ദാഹവും. ഹൈഡ്രേഷൻ ബാഗിന്റെ(വെള്ളം സൂക്ഷിക്കുന്ന) ഉപയോഗം എല്ലാവർക്കും ശരിക്കും ബോധ്യപ്പെട്ടു. ഇടക്കൊന്ന് നിർത്തിയപ്പോൾ കുറെ കുട്ടികൾ ഓടി വന്നു,അവരുടെ കൗതുകം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു. യാത്രയിലെ ആദ്യത്തെ ഒട്ടകത്തിനെയും കണ്ടു. പ്രതീക്ഷിച്ചതിലും 3 ദിവസം പുറകിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത് എന്നതുകൊണ്ടു തന്നെ അനാവശ്യമായ നിർത്തലുകളും സ്ഥലങ്ങളും ഞങ്ങൾ ഒഴിവാക്കി. ആ ധൃതി ഒരു പക്ഷെ ഈ എഴുത്തിലും പ്രതിഫലിച്ചേക്കാം. ഇവിടെ നഷ്ടപ്പെടുന്ന ഓരോ ദിവസവും ഹിമവാന്റെ കൂടെ ചിലവഴിക്കാനുള്ളതാണ്. തിരിച്ചു വരുമ്പോൾ ജോലിയും ബാക്കിയാവണം.

രാജസ്ഥാൻ അതിർത്തി കടന്നാണു ഭക്ഷണത്തിനു നിർത്തിയത്. റോഡിനു ഇരുവശവും മണൽ, നല്ല ഭംഗിയുള്ള ഹോട്ടൽ, ഭക്ഷണം വളരെ മോശം, ഒടുക്കത്തെ വിലയും. പോകുന്ന വഴിയേ പലപ്പോളും മണലിലൂടെ സാഹസിക യാത്ര നടത്തുന്ന 4 ചക്രമുള്ള മോട്ടോർ സൈക്കിൾ, ഡെസേർട്ട് ക്യാമ്പുകളെല്ലാം കണ്ടു. ഒട്ടകങ്ങൾ വലിക്കുന്ന വണ്ടികളിൽ കർഷകർ സാധനങ്ങളുമായി പോകുന്നുണ്ടായിരുന്നു.

Tripeat-Ajeesh Ajayan photoday Day07-02

ഒരു കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന മേവാർ രാജവംശത്തിന്റെ അവശേഷിപ്പായ ഉദയ്പൂർ സിറ്റി പാലസിലേക്കായിരുന്നു നേരെ പോയത്. മുഗൾ പാരമ്പര്യം വിളിച്ചോതുന്ന നിർമ്മാണം. 4 മണിയോടെ അന്നത്തെ ടിക്കറ്റ് കൊടുക്കുന്നത് അവസാനിച്ചതിനാൽ, പ്രവേശനം ലഭിച്ചില്ല.

സിറ്റി ഓഫ് ലേക്ക്‌ എന്നറിയപ്പെടുന്ന ഉദയ്പൂരിലെ മനോഹരമായ ആ തടാകവും, നടുക്കുള്ള കൊട്ടാരവും അവിടത്തെ സൂര്യാസ്തമയവും കൺകുളിർക്കെ കണ്ട്, അവിടുള്ള വിനോദ സഞ്ചാരികൾക്കു നോട്ടീസുകളും കൈമാറി ഞങ്ങൾ നടന്നു, നല്ല തിരക്കുണ്ടായിരുന്നു.

Tripeat-Ajeesh Ajayan photoday Day07-09

മനോഹരമായി അലങ്കരിച്ച ഒട്ടകങ്ങളുടെ പുറത്ത് സവാരിയും, കുതിര സവാരിയും,ബോട്ടിങ്ങും അവിടെ ലഭ്യമായിരുന്നു. തടാകത്തിനു നടുക്ക് ഒരു ഹോട്ടൽ ഉണ്ടായിരുന്നു, താങ്ങാവുന്ന വാടകയിൽ കൂടുതലായിരുന്നതിനാൽ റൂം എടുത്തില്ല. നമ്മൾ ടെലിവിഷനിലും മറ്റും കണ്ടിട്ടുള്ള പോലെ പരമ്പരാഗത രാജസ്ഥാനി വേഷവിധാനങ്ങളോടെ ഒട്ടേറെപ്പേരെ കണ്ടു. ആരാവലി കാടുകളുടെ ഭംഗിയും, മരുഭൂമിയുടെ ഭംഗിയും ആസ്വദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും സമയക്കുറവ് വില്ലനായി. മൗണ്ട് അബു, മൺസൂൺ പാലസ് എന്നിവയായിരുന്നു അക്കൂട്ടത്തിലെ വലിയ നഷ്ടങ്ങൾ.

Tripeat-Ajeesh Ajayan- photoday -Day07-06

8 മണിയോടെ ഓയോ റൂമിലെത്തി. ഇവിടൊന്നും ഗണേശ ചതുർഥി അത്ര വലിയ ആഘോഷം അല്ലെന്നു തോന്നുന്നു. ഷമീലിക്കയുടെ നിസ്കാരം കഴിഞ്ഞു ഞങ്ങൾ കുറെ നേരം വരും ദിവസങ്ങളെ പറ്റി സംസാരിച്ചു. ജിഷിൽ വീട്ടിലേക്കു വിളിക്കുന്ന തിരക്കിലായിരുന്നു. മുകേഷേട്ടനും അഖില ചേച്ചിയും നേരത്തേ ഉറങ്ങിയിരുന്നു.

എ ആർ റഹ്മാന്റെ പാട്ടിനോടൊപ്പം പതിയെ ഉറക്കത്തിലേക്ക്…

Tripeat-Ajeesh Ajayan photoday Day07-12


ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Leave a Reply

Most Popular

%d bloggers like this: