Sunday, October 17, 2021
HomeTRAVEL STORIESLIFE BEHIND THE HANDLE BARകൊങ്ക‌ൺ - അതികഠിനം

കൊങ്ക‌ൺ – അതികഠിനം

ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 05

അജീഷ് അജയൻ

സുന്ദരമായ മലഞ്ചരുവുകളിലൂടെ ഒട്ടേറെ ദൂരം കടന്നുപോയി. വിജനമായ, ഭീതി ജനിപ്പിക്കുന്ന, പഴങ്കഥകളിലെ കേട്ടു കേൾവി പോലുള്ള ഭംഗിയുള്ള പ്രദേശം. തെളിഞ്ഞ ആകാശം, ഇന്നെങ്കിലും കൂട്ടിനു മഴയില്ലല്ലോ എന്നു ആശ്വസിച്ചു. ചെറിയൊരു പെട്ടിക്കട കണ്ടു വണ്ടി നിർത്തി, വഴിയും ചോദിക്കാം, ചായയും കുടിക്കാം.

Tripeat-Ajeesh Ajayan photoday Day05 04

അവിടത്തെ ആളോട് ചായ വേണം എന്ന് പറഞ്ഞു മനസ്സിലാക്കാൻ തന്നെ നളചരിതം മുഴുവനും ആടേണ്ടി വന്നു, ശ്രീ ഹള്ളിയിലേക്കുള്ള വഴി ചോദിച്ചു, ഇത്തിരി അമ്പരപ്പോടെ നേരെ ചൂണ്ടിക്കാണിച്ചു.

നല്ല ചായ! എന്റെയൊക്കെ ചെറുപ്പകാലത്തു കണ്ടിട്ടുള്ള പലതരം ചില്ലുകൂട്ടിലിട്ട മിട്ടായികൾ! ഈ പ്രദേശം ഒരു 15 വർഷമെങ്കിലും പുറകിലാണെന്നോർത്തു.

Tripeat-Ajeesh Ajayan photoday Day05-05

 

ഒരുപാടൊന്നും പോകേണ്ടി വന്നില്ല ചായക്കടക്കാരന്റെ അമ്പരപ്പിനു കാരണം മനസ്സിലായി. ചെറിയ ചെറിയ ഇറക്കങ്ങൾ കഴിഞ്ഞു, റോഡില്ല എന്നു വേണം പറയാൻ. ചെങ്കുത്തായ ഇറക്കം, മുഴുവനും പൊടിക്കല്ലുകൾ, ഇറക്കങ്ങളുടെ കാഠിന്യം കൂടി വന്നു.

മുകേഷേട്ടനും രാഹുലും 2 പേരെ വച്ചു വീഴാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. പുറകോട്ടു പോകാമെന്ന് വച്ചാൽ കുത്തനെ കയറ്റം. 2 പേരെ വച്ചു കയറുന്നതു ചിന്തിക്കാൻ പോലുമാക്കില്ല. ഓഫ്‌റോഡുകൾ തിരഞ്ഞു പിടിച്ചു പോകുന്ന ഞാൻ ഇത്രയേറെ പേടിച്ചു വണ്ടി ഇറക്കിയ അനുഭവം മുന്പുണ്ടായിട്ടില്ല.

കുറെയേറെ സമയം കഷ്ടപ്പെട്ടു ഇറങ്ങി, ഒടുവിൽ, നിരപ്പായ പ്രദേശം കണ്ടു തുടങ്ങി. വണ്ടി നിർത്തി ഇത്തിരി നേരം ഇരുന്നു, സഹ യാത്രികരുടെ പലരുടെയും നോട്ടം കണ്ടപ്പോൾ എന്നെ കൊല്ലണം എന്നൊരു ചിന്ത വന്നോ എന്നെനിക്കു തോന്നി.

എല്ലാ കഷ്ടങ്ങൾക്കും ഒരു നല്ല വശം ഉണ്ട്. രത്നഗിരിയുടെ അതി മനോഹരമായ ഒരു ദൃശ്യം. വണ്ടി നിന്നതാരും അറിഞ്ഞില്ല, വായും പിളർന്നു നിന്നു നോക്കി എന്നല്ലാതെ ഒരു ഫോട്ടോ എടുക്കാൻ പോലും ആർക്കും ഓര്മയുണ്ടായില്ല. ചില നിമിഷങ്ങൾ അങ്ങനെയാണ്, നമ്മളെത്തന്നെയും പരിസരവും മറന്നു പോകും.

Tripeat-Ajeesh Ajayan photoday Day05-03

ഒരു ദൃശ്യ വിരുന്നു തന്നെയായിരുന്നു അവിടെ നിന്നും മുന്നോട്ട്, കടലിടുക്കും, കടലിനോട് ചേർന്ന റോഡും, വള്ളങ്ങളും.

രതനഗിരി പട്ടണം വളരെ തിരക്കേറിയതായിരുന്നു. ഒരുപാട് വാഹനങ്ങളും, ആൾക്കാരും, വണ്ടി നിർത്തി ഭക്ഷണം കഴിക്കാനൊരിടം കണ്ടെത്താൻ കുറെ ബുദ്ധിമുട്ടി. ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവിടെ നിന്നും വീണ്ടും 300 കിലോമീറ്ററിലേറെ പോകണം പൂനെക്ക്. മുംബൈ പോകാനും ഏറെക്കുറെ അതേ ദൂരം തന്നെ. ദിവസങ്ങൾ കളയാൻ അതികം ഇല്ലാത്തതിനാൽ മുംബൈക്ക് തന്നെ പോകാം എന്നുറപ്പിച്ചു. അപ്പോഴേക്കും സമയം വൈകീട്ട് ഏകദേശം 5 മണി.

കടലിനോട്‌ ചേർന്നു കുറെയേറെ ദൂരം മുന്നോട്ടു തന്നെ. കേരളത്തിനെ അനുസ്മരിപ്പിച്ച ഭൂപ്രകൃതി. റോഡ് ചെറുതായത് കൊണ്ടും, വളരെ മോശമായത് കൊണ്ടും, ഇരുട്ടിയതിനാലും, ഗണപതിഭൂലെ എന്നൊരു സ്ഥലത്തു അന്നത്തെ യാത്ര അവസാനിപ്പിക്കേണ്ടതായി വന്നു. മുംബൈ അതിർത്തി എത്തണം എന്ന ഉദ്ദേശിച്ച ദിവസം, അനാവശ്യമായി ഒരു ദിവസം കൂടി കളഞ്ഞിരിക്കുന്നു.

മോശമല്ലാത്ത ഒരു ഹോട്ടൽ തേടി കണ്ടു പിടിച്ചു റൂമെടുത്തു, റൂമിനു 600 rs, ബാഗ് എല്ലാം എടുത്തു വച്ചു പുറത്തിറങ്ങി. ഏത് നാട്ടിലും ഒരു മലയാളിയും ഒരു ചായക്കടയും നിർബന്ധമാണല്ലോ, അവിടെയും ഒരാളുണ്ടായിരുന്നു.

ഞങ്ങൾ വളഞ്ഞു മൂക്കു പിടിച്ചിരിക്കുന്നു, ഈ വഴിക്കും വരേണ്ട കാര്യമില്ലായിരുന്നു. ഇത് ലോറിക്കാരുടെ റൂട്ടാണ്, വളരെ മോശം, പിടിച്ചു പറിക്കൊക്കെ പേരു കേട്ട വഴി. എന്തായാലും ഞങ്ങൾ 7 പേരുണ്ടല്ലോ എന്നതാണ് സമാധാനം. റൊട്ടിയും എന്തോ ഒരു സബ്ജിയും കഴിച്ചെന്നു വരുത്തി. എന്റെ അശ്രദ്ധ കൊണ്ടാണല്ലോ ഈ കുടുക്കിൽ പെട്ടത് എന്നായിരുന്നു എന്റെ വിഷമം.

പതിയെ ഉറക്കത്തിലേക്ക്…..

രാവിലെ ഇത്തിരി വെളിച്ചം വന്ന ശേഷമാണ് എണീറ്റത്. ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടങ്ങുമ്പോൾ മണി 9. ഗൂഗ്ൾ ചേച്ചിയുടെ പിറകെയാണ് പോകുന്നത്, വഴി വളരെ മോശം. 20 കി മീ വേഗം പോലും എടുക്കാനാവുന്നില്ല.

ജീവിതത്തിൽ ആദ്യമായി ഇത്ര വലിയ കുഴികൾ റോഡിൽ കാണുന്നത്. പലയിടത്തും ലോറികൾ വീണു ആക്സിൽ പൊട്ടിക്കിടക്കുന്നു, കുഴി കണ്ടു വെട്ടിച്ച് അടുത്ത വണ്ടിയിൽ ഇടിച്ചവ വേറെ. കാർ എന്നൊരു വാഹനം ഈ പ്രദേശത്തു ഇല്ല എന്നാണ് തോന്നുന്നത്, ഉണ്ടെങ്കിൽ ഏതെങ്കിലും കുഴിയിൽ കണ്ടേനെ!

Tripeat-Ajeesh Ajayan photoday Day05-07

ഓരോ കുഴിയിലും ഒരു ബൈക്ക് ഇറക്കി നിർത്താം. മഴയും കൂടെ വന്നപ്പോൾ ശുഭം, കുറെ നേരം അങ്ങിനെ പോയി. ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ മണി 2, കടന്നു വന്ന ദൂരം വെറും 40 കിലോമീറ്റർ. നടു ഒടിഞ്ഞു എല്ലാവരുടെയും, ആർക്കും വലിയ ഉഷാർ ഒന്നുമില്ല. ഭക്ഷണം കഴിക്കുംബോഴും നിശ്ശബ്ദനായിരുന്നു.

വീണ്ടും മുന്നോട്ടു തന്നെ, ഇടക്കൊരു മരം മുറിക്കുന്നു, 30 മിനുറ്റ് ഗതാഗത തടസ്സം. കേരളത്തെ മാത്രമല്ല കിഴക്കൻ തീര ദേശത്തെ മുഴുവൻ ആ മഴക്കാലം ദുരിതത്തിലാക്കി എന്നത് അപ്പോഴാണ് അറിഞ്ഞത്.

5.30 നോട് അടുത്തു, റോഡിത്തിരി ഭേദപ്പെട്ടിരിക്കുന്നു, ആർക്കും വയ്യ, എന്നാലും എല്ലാവരും മുൻപോട്ടു പോകാം എന്നാണ് പറയുന്നത്, അത്രയെങ്കിലും ദൂരം മറികടക്കാം എന്നാണ് ചിന്ത. ചിപ്ലുൻ എന്നൊരു പട്ടണത്തോടടുത്തു എത്തിയിരുന്നു. ഇനിയും മുൻപോട്ടു പോയാൽ ഇരുട്ടും, മോശം റോഡും, ക്ഷീണവും, അപകടം വിളിച്ചു വരുത്തും എന്നെനിക്കുറപ്പായിരുന്നു. എനിക്ക് തീരെ വയ്യ, അടുത്ത കാണുന്ന ഹോട്ടലിൽ നിർത്താം എന്നു ഞാൻ പറഞ്ഞു. ഉദ്ദേശം മനസ്സിലായ ഷെമീലിക്കയും പിന്തുണച്ചു.

അങ്ങനെ മഹത്തായ 9 മണിക്കൂർ കൊണ്ട് ഞങ്ങൾ 100 ലേറെ കി മീ കടന്നിരിക്കുന്നു. കുറച്ചു നടന്നെങ്കിലും മോശമല്ലാത്ത ഒരു ഹോട്ടൽ തപ്പി കണ്ടു പിടിച്ചു.

നല്ലൊരു പഞ്ചാബി ഹോട്ടലിൽ നിന്നും ചൂട് പാറുന്ന തന്തൂരി റൊട്ടിയും അച്ചാറും ദാൽ മഖ്നിയും അകത്താക്കി. ജിഷിൽ അച്ചാറ് വീണ്ടും വീണ്ടും കഴിക്കുന്നുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ഗണേഷ ചതുർഥിയുടെ സമയമായെന്ന് മനസ്സിലാക്കിയത്. പാട്ടും ആഘോഷങ്ങളും തുടങ്ങിയിരിക്കുന്നു. ഉത്സാഹമുള്ള കുറെയേറെ മുഖങ്ങൾ…

Tripeat-Ajeesh Ajayan photoday Day05-01

കുറെയേറെ നേരം അതെല്ലാം കണ്ടു പതിയെ റൂമിലേക്ക് നീങ്ങി. ദിവസങ്ങൾ നഷ്ടമാകുന്നതും പദ്ധതികൾ തെറ്റുന്നതുമെല്ലാം ചർച്ച ചെയ്ത് എല്ലാവരും കിടന്നു.

നാളെ നല്ലൊരു ദിവസം ആയിരിക്കും എന്നെന്റെ മനസ്സു പറഞ്ഞു. അതോ ഇതിലും കഠിനം ആയിരിക്കുമോ??????

തുടരും.

Morickap- resort

ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES

Leave a Reply

Most Popular

%d bloggers like this: