Wednesday, February 1, 2023
HomeTRAVEL STORIESകഥ പറയും കാലാപാനി

കഥ പറയും കാലാപാനി

ഷിനിത്ത് പാട്യം

ജീവിതത്തിലെ പൊറുതിയില്ലായ്മകളെ മറികടക്കാൻ വേണ്ടിയാണ് ഞാൻ യാത്ര ചെയ്ത് തുടങ്ങിയത്. സഞ്ചാര സാഹിത്യ കൃതികൾ എന്റെ മനസ്സിൽ യാത്രയോടുളള പ്രണയത്തിന്റെ തീഷ്ണത വർദ്ധിപ്പിച്ചു.

‘വരൂ ഇന്ത്യയെ കാണാം’ എന്ന വാചകം മനസ്സിൽ പതിഞ്ഞത് അധ്യാപകനായതിന് ശേഷമാണ്. രാഷ്ട്ര മീമാംസ അധ്യാപകനായ എന്നെ സംബന്ധിച്ചെടുത്തോളം ഓരോ യാത്രയും അറിവ് നിർമ്മാണ പ്രക്രിയയുടെ ഭാഗമാണ്.. വടക്ക്-കിഴക്കൻ ഇന്ത്യൻ ഗ്രാമങ്ങളിൽ കണ്ട പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിക്കുന്ന കാഴ്ചകൾ ഇന്ത്യയെക്കുറിച്ചുളള എന്റെ പൂർവ്വധാരണകളെ പൊളിച്ചെഴുതാൻ കാരണമായി. സ്വാതന്ത്ര്യം നേടി എഴുപതു വർഷമായിട്ടും ജനങ്ങളുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്താൻ സാധിക്കാത്ത രാജ്യമാണ് നമ്മുടേത്. ഓരോ യാത്രയും നമ്മുക്ക് വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് സമ്മാനിക്കുന്നത്. “ലോകം ഒരു പുസ്തകമാണ്, യാത്ര ചെയ്യാത്തയാൾ അതിന്റെ ഒരു താൾ മാത്രമാണ് വായിക്കുന്നത് ” എന്ന് മൊറോക്കൻ ദൈവശാസ്ത്രജ്ഞനും ദാർശനികനുമായ സെന്റ് അഗസ്റ്റിൻ നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് യാത്ര ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

മുഴപ്പിലങ്ങാട് സഹകരണ ബേങ്കിന്റെ ടൂറിസം സംരംഭമായ സ്വപ്നതീരത്തിന്റെ കൂടെയായിരുന്നു പലപ്പോഴായുളള എന്റെ ഇന്ത്യൻ യാത്രകൾ. കഴിഞ്ഞ നാല് വർഷമായി ഞാൻ നിരന്തരം സന്ദർശിക്കുന്ന ഇടമാണ് ആൻഡമാൻ ദ്വീപുകൾ. ആൻഡമാൻ എന്ന പദം ഞാനാദ്യമായി കേട്ടത് പാട്യം സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പുറകിലത്തെ ബെഞ്ചിലുളള ഞങ്ങളെ നോക്കി സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന വത്സൻ മാഷ് “ഇവരെയൊക്കെ അന്തമാനിലേക്ക് വിടണം!!!”എന്ന് അലറി വിളിക്കാറുണ്ട്. വത്സൻ മാഷിന്റെ അന്തമാൻ പ്രയോഗത്തിന് നാടുകടത്തൽ എന്നർത്ഥമുണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ ഞാൻ കാലമേറെയെടുത്തു.

വിമാനം വഴിയും കപ്പൽ വഴിയും നമ്മുക്ക് ആൻഡമാനിലെത്താം.പുതിയ കാലത്ത് മിക്ക സഞ്ചാരികളും ആകാശ യാത്രയ്ക്കാണ് പ്രാമുഖ്യം നൽകുന്നത്. 2017 സെപ്തംബർ 5-ന് ഇരുപത്തി ഒൻപത് പേരടങ്ങുന്ന ഞങ്ങളുടെ സംഘം ചെന്നൈ വിമാനതാവളത്തിൽ നിന്നും 12.30-നുളള ജെറ്റ് എയറിന് പോർട്ട് ബ്ലയറിലേക്ക് യാത്ര തിരിച്ചു. 556 ദ്വീപുകളാണ് ആൻഡമാൻ & നിക്കോബാർ എന്ന കേന്ദ്രഭരണ പ്രദേശത്തിലുളളത്. ഇവയിൽ 37 ദ്വീപുകളിൽ മാത്രമേ ജനവാസമുളളൂ. ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാനിൽ നിന്നും വെറും 200 കിലോമീറ്റർ ദൂരം മാത്രമെ ഇന്തോനേഷ്യയിലേക്കും മ്യാൻമറിലേക്കും ഉളളൂ. ഹനുമാനിൽ നിന്നാണത്രെ ആൻഡമാൻ എന്ന പേരുണ്ടായത്. ഹനുമാനെ മലയക്കാർ ഹൻഡുമാൻ എന്നാണ് വിളിച്ചിരുന്നത്. ഹൻഡുമാൻ ആൻഡമാനായെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. വിമാനയാത്രയിൽ എന്റെ അടുത്ത സീറ്റിലിരുന്ന എറണാകുളം സ്വദേശി അജിത്ത് ആൻഡമാനെ കുറിച്ച് കുറേ കാര്യങ്ങൾ സംസാരിച്ചു.

ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗ്ഗത്തിനിടയില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഇടത്താവളമായി ആന്‍ഡമാനെ കണ്ടെത്തിയത് 1789-ലാണ്. ലെഫ്റ്റനന്റ് ആര്‍ക്കിബാള്‍സ് ബ്ലെയര്‍ എന്ന സൈനികത്തലവന്‍ വൈപ്പര്‍ എന്ന കപ്പലില്‍ പോര്‍ട്ട്ബ്ലെയറിനോടടുക്കവേ കപ്പലിന് തകരാര്‍ സംഭവിച്ച് ഒരു ചെറുദ്വീപില്‍ കുടുങ്ങി. ആന്‍ഡമാനില്‍ ബ്രിട്ടീഷ് താവളം സ്ഥാപിക്കാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ച ലെഫ്റ്റനന്റ് ബ്ലെയറിന് വൈപ്പർ ദ്വീപ് അതിന് പറ്റിയ സ്ഥലമാണെന്ന് തോന്നി. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളേയും കൊടുംകുറ്റവാളികളേയും നാടുകടത്താനും താമസിപ്പിക്കാനും പറ്റിയ ഇടമാക്കി ആൻഡമാനെ മാറ്റാൻ ബ്രിട്ടീഷ് ലെഫ്റ്റനന്റ് ബ്ലെയർ തീരുമാനിച്ചു.

വൈപ്പര്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന ആ ദ്വീപിനെ പീനൽ സെറ്റിൽമെന്റ് കേന്ദ്രമാക്കി ബ്ലെയർ മാറ്റിയെടുത്തു. ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇന്ത്യൻ ദേശീയവാദികളുടെ രക്തം കലർന്ന് വൈപ്പർ ദ്വീപിലെ മണ്ണ് കടും ചുവപ്പായി മാറി.!! സെല്ലുലാർ ജയിലിന്റെ നിർമ്മാണം പൂർത്തിയാവുന്നത് വരെ പീനൽ സെറ്റിൽമെന്റിന്റെ കേന്ദ്രം വൈപ്പർ ദ്വീപായിരുന്നു. ആൻഡമാൻ ദ്വീപ് ബ്രിട്ടൻ പിടിച്ചെടുത്ത ചരിത്രമുൾപ്പെടെയുളള കാര്യങ്ങൾ ഒരു കഥ പറയുന്നതുപോലെ അജിത്ത് എനിക്ക് വിശദീകരിച്ചു തന്നു. അജിത്ത് കഴിഞ്ഞ പത്ത് വർഷത്തോളമായി പോർട്ട് ബ്ലയറിൽ നേവിയിൽ ജോലി ചെയ്യുന്നു. അയാളുടെ സംസാരത്തിനിടയിൽ ദ്വീപ് ജീവിതത്തിന്റെ മടുപ്പ് പതുക്കെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ഇന്ത്യയുടെ മുഖ്യഭൂപ്രദേശത്തിൽ നിന്നും 1200 കി.മീറ്റർ അകലെയുളള ആൻഡമാൻ ദ്വീപ് സമൂഹം ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടമാണ്. ആൻഡമാൻ ദ്വീപിന്റെ ആകാശ കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു.

പച്ചതുരുത്തുകളെ വലയം ചെയ്തിരിക്കുന്ന കടലിന്റെ നിറം ചേതോഹരം തന്നെയാണ്. ഉച്ചയ്ക്ക് 2.30- ന് ഞങ്ങൾ പോർട്ട് ബ്ലയറിലെ കുഞ്ഞൻ വിമാനതാവളമായ വീർസവാർക്കർ എയർപോർട്ടിൽ ഇറങ്ങി. ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് നേരെ സെല്ലുലാർ ജയിൽ കാണാനിറങ്ങി. ആൻഡമാൻ യാത്രയിൽ ഏതൊരു സഞ്ചാരിയുടെയും മനസ്സിനെ പൊളളിക്കുന്ന കാഴ്ചകളാണ് സെല്ലുലാർ ജയിലിലേത്. ചരിത്ര സ്മാരകമായ സെല്ലുലാർ ജയിൽ സന്ദർശിക്കുമ്പോൾ ഏതൊരു ഇന്ത്യൻ പൗരന്റെയും ഹൃദയത്തിൽ ദേശീയത എന്ന വികാരം ഒരു കൊടുങ്കാറ്റ് പോലെ വന്നലക്കും. ഓരോ തവണയും സെല്ലുലാർ ജയിൽ സന്ദർശിക്കുമ്പോൾ എവിടെ നിന്നോ ആരുടയൊക്കെയൊ നിലയ്ക്കാത്ത നിലവിളികൾ എന്റെ കാതിൽ വന്നലക്കുന്നതുപോലെ അനുഭവപ്പെടാറുണ്ട്..

1906-ൽ പണി പൂർത്തിയായ സെല്ലുലാർ ജയിലിലെ ഓരൊ തടവുമുറിക്കും ചെറുത്ത് നിൽപ്പിന്റെയും ക്രൂര പീഡനങ്ങളുടെയും കഥകൾ പറയാനുണ്ട്. സെല്ലുലാർ ജയിലിന്റെ മുൻവശത്തുളള പഴയ ആൽമരത്തിന്റെ സ്ഥാനത്ത് ചെറിയ ഒരു ആൽമരം വളർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്. ആയിരകണക്കിന് സ്വാതന്ത്ര്യ സമര പോരാളികളുടെ ചോരയും വിയർപ്പും കുതിർന്ന സെല്ലുലാർ ജയിലിലെ ക്രൂരതകളുടെ മൂകസാക്ഷിയായിരുന്ന ആൽമരത്തിനെ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ ലൈറ്റ്&സൗണ്ട് ഷോ പുരോഗമിക്കുന്നത്. വിടർന്നുനിൽക്കുന്ന ഏഴിതളുളള പൂവിന്റെ ആകൃതിയിൽ മൂന്ന് നിലയിൽ നിർമ്മിച്ച കെട്ടിട സമുച്ചയമാണ് സെല്ലുലാർ ജയിൽ. ഏഴ് ബ്ലോക്കുകളുണ്ടായിരുന്ന ജയിലിന് ഇപ്പോൾ മൂന്ന് ബ്ലോക്കുകളെ ഉളളൂ. സെല്ലുലാർ ജയിലിന്റെ തകർന്ന കല്ലുപയോഗിച്ച് തൊട്ടടുത്ത് ഒരു ഗവൺമെന്റ് ഹോസ്പിറ്റൽ പണിതിട്ടുണ്ട്. ഒരുകാലത്ത് കലാപാനിയിലെ തടവറകളുടെ ഭിത്തിയെ പിളർക്കുമാറ് ദേശിയവാദികൾ ഉറക്കെ ഇൻക്വിലാബും വന്ദേമാതരവും മുഴക്കിയ ഇടനാഴിയിൽ കൂടി ഞാൻ മുന്നോട്ട് നടന്നു.

കെട്ടിടത്തിന്റെ മധ്യത്തിലുളള വാച്ച് ടവറിൽ നിന്നാൽ ജയിലിലെ ചെറു ചലനങ്ങൾ പോലും അറിയാൻ സാധിക്കും. ഞാൻ പതുക്കെ വാച്ച് ടവറിൽ കയറി. അവിടെ നിന്നും ഒരു പട്ടാളകാരനെ പോലെ വിദൂരതയിലേക്ക് ദൃഷ്ടി പായിച്ചു. റോസ്സ് ഐലന്റിലെ ഭീമൻ തൂണിൽ പാറിപറക്കുന്ന ത്രിവർണ്ണ പതാക എന്റെ കണ്ണുകളിലേക്കടുത്തു.. ഓരോ ജയിൽ മുറിയിൽ നിന്നും ആരുടെയൊ ഞരക്കങ്ങളും നിലവിളികളും ഉയരുന്നതുപോലെ..!! ശരീരത്തിനും മനസ്സിനുമാകെ ഒരു മരവിപ്പ് അനുഭവപെട്ടതുപോലെ.. സെല്ലുലാർ ജയിലിന്റെ ഒരറ്റത്തുളള മുറിയെ ലക്ഷ്യമാക്കി ഞാൻ നടന്നു. സവർക്കറുടെ സെല്ലിന്റെ മുന്നിലാണ് എന്റെ നടത്തം അവസാനിച്ചത്.

സവർക്കർ ദീർഘകാലം താമസിച്ച സെല്ലുലാർ ജയിലിലെ മുറി ഒരു ആരാധനാലയം പോലെ സൂക്ഷിക്കുന്നുണ്ട്. സവർക്കർ തന്റെ യൗവ്വനകാലം മുഴുവൻ രാഷ്ട്രത്തിന് വേണ്ടി ഹോമിച്ച തടവുമുറി..!! സവർക്കറിന്റെ ഓർമ്മകൾ സെല്ലുലാർ ജയിലിന്റെ മുക്കിലും മൂലയിലും തളം കെട്ടികിടക്കുന്നുണ്ട്…തടവുമുറിക്കുളളിൽ നിന്നും ഞാൻ ഇന്ത്യാ ചരിത്രത്തിലേക്ക് ഊളിയിട്ടു.

1911 ജൂലൈ 4 ന് ആണ് സവർക്കർ കലാപാനിയിൽ എത്തുന്നത്. ലണ്ടനിൽ വെച്ച് കൊല്ലപ്പെട്ട വില്ല്യം കഴ്സൺ വൈലിയുടെ കൊലപാതകത്തിന് മദൻ ലാൽ ദിംഗയെ പ്രേരിപ്പിച്ചു എന്നതായിരുന്നു സവർക്കർക്കെതിരെയുളള കുറ്റം.. സവർക്കറിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വീരപുരുഷനായി അവരോധിച്ച് തുടങ്ങിയതിന്റെ പൊരുൾ
എന്തായിരിക്കുമെന്ന് ഞാൻ പലവട്ടം ആലോചിച്ചു. സെല്ലുലാർ ജയിലിലെ കൊടിയ പീഢനങ്ങൾ സവർക്കറുടെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നുവോ..? എന്റെ ചിന്ത കാടുകയറി.. സവർക്കറിന്റെ സെല്ലിനകത്തുളള മരകട്ടിലിന്റെ സമീപം അദ്ധേഹത്തിന്റെ ഛായചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

1913-ൽ ഈ കട്ടിലിൽ ഇരുന്നു കൊണ്ടായിരിക്കാം സവർക്കർ തന്റെ ആദ്യ ദയാഹർജി തയ്യാറാക്കിയിട്ടുണ്ടാവുക. സവർക്കർ ബ്രിട്ടിഷുകാർക്ക് എഴുതിയ മാപ്പപേക്ഷകളിലെ മഷിയുടെ മണം തടവ് മുറിക്കുളളിൽ കെട്ടി നിൽക്കുന്നുണ്ട്. ‘ബ്രിട്ടീഷ് ഗവൺമെന്റ് നിർദ്ദേശിക്കുന്ന മട്ടിൽ പെരുമാറും, എന്റെ മാറ്റം മനഃസാക്ഷിക്ക് നിരക്കുന്നതാണ്. എന്നെ ഇവിടുന്നു വിട്ടയച്ചാൽ തടവറയിൽ കഴിയുന്നതുപോലെ തന്നെ നിൽക്കാം.അധികാര കേന്ദ്രത്തിനു മാത്രമേ കരുണകാട്ടാൻ കഴിയൂ. ബ്രിട്ടീഷ് സർക്കാരിന്റെ പിതൃസഹജമായ കവാടങ്ങൾക്കുളളിലല്ലാതെ മറ്റെവിടെയാണ് മുടിയനായ പുത്രന് മടങ്ങി ചെല്ലാനൊക്കുക’ ആദ്യ മാപ്പപേക്ഷയിൽ സവർക്കറിന്റെ ബ്രിട്ടീഷ് വിധേയത്വം മുഴച്ച് നിൽക്കുന്നുണ്ട്.

 

സെല്ലുലാർ ജയിലിലെ കൊടിയ പീഡനങ്ങൾ സഹിക്കാൻ പറ്റാതെയാവാം സവർക്കർ നിരന്തരം ബ്രിട്ടീഷ് ഭരണാധികാരികൾക്ക് ദയാഹർജി സമർപ്പിച്ചിട്ടുണ്ടാവുക. സെല്ലുലാർ ജയിൽ അത്രയധികം ഭയം ജനിപ്പിക്കുന്ന ഇടം തന്നെയാണ്. ‘മാഷേ….’ഒരു സെല്ലിനകത്ത് നിന്നും ആരോ വിളിച്ചതുപോലെ. ഞാൻ പതുക്കെ ആ തടവുമുറിക്കകത്തേക്ക് പ്രവേശിച്ചു. തടവ് മുറിക്കകത്ത് ഇരുട്ട് കനത്തുവരുന്നുണ്ട്. തടവ് മുറിയുടെ ചുമരിൽ സഞ്ചാരികൾ കോറിയിട്ട വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. അത് ഷേർ അലിയെ കുറിച്ചായിരുന്നു..
പോർട്ട് ബ്ലയറിൽ സെല്ലുലാർ ജയിൽ നിർമ്മിക്കുന്നതിന് മുമ്പ് വൈപ്പർ ദ്വീപിലാണ് തടവുപുളളികളെ പാർപ്പിച്ചിരുന്നത്. വൈസ്രോയിയായ മായോ പ്രഭുവിനെ കുത്തികൊന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ബ്രിട്ടീഷുകാരരെ വിറപ്പിച്ച പോരാളിയായിരുന്നു ഷേർ അലി.

1872 മാർച്ച് 11ന് വൈപ്പർ ദ്വീപിൽ വെച്ച് ഷേർ അലി തൂക്കിലേറ്റപെട്ടു. ആൻഡമാനിൽ കുരുതികൊടുക്കപ്പെട്ട നൂറ്കണക്കിന് സ്വാതന്ത്യ സമര പോരാളികളിൽ ഷേർ അലി ഒരു ഇതിഹാസ നായകനായി ജ്വലിച്ച് നിൽക്കുന്നുണ്ട്.എന്നാൽ ഷേർ അലിയെപോലുളള രക്തസാക്ഷികളുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് തളളപെടുകയും സവർക്കറെ പോലുളളവർ ഏറെ വാഴ്ത്തപെടുകയും ചെയ്തു.. ഷേർ അലിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പകർന്നു തന്ന തടവറയിലെ മുറിക്കകത്തു നിന്ന് ഞാൻ പുറത്തിറങ്ങി.പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്.മഴയെ വകവെക്കാതെ സ്വാതന്ത്ര്യ സമര പോരാളികളെ തൂക്കിലേറ്റിയിരുന്ന വിശുദ്ധ ഇടത്തിലേക്ക് ഞാൻ നീങ്ങി.കഴുത്തിൽ കയർ മുറുകുമ്പോഴും വന്ദേമാതരം വിളിച്ച് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ അവസാന ശ്വാസത്തിന്റെ ഗന്ധം ഇപ്പോഴും ആ ഇരുട്ട് മുറിയിൽ കെട്ടികിടക്കുന്നുണ്ട്… വൈകുന്നേരം 6 മണിയോടെ സെല്ലുലാർ ജയിലിൽ ലൈറ്റ് & സൗണ്ട് ഷോ ആരംഭിച്ചു. ഒരു മണിക്കൂർ ദൈർഘ്യമുളള ലൈറ്റ് & സൗണ്ട് ഷോയിൽ സെല്ലുലാർ ജയിലിന് മുന്നിലത്തെ ആൽമരത്തെകൊണ്ടാണ് കഥ പറയിക്കുന്നത്.കാലാപാനിയിൽ നിലനിന്നിരുന്ന ക്രൂരതകളെ കുറിച്ച് വിവരിക്കുന്നത് കേൾക്കുമ്പോൾ ഏതൊരു ഇന്ത്യക്കാരന്റെയും ഹൃദയം പിളരും..

മാക്രൂസ് എന്ന ആഡംബര കപ്പൽ

അടുത്ത ദിവസം പ്രാതലിന് ശേഷം ഞങ്ങൾ ഫൊനിക്സ് ബേ ജെട്ടിയിലെത്തി. മാക്രൂസ് എന്ന ആഡംബര കപ്പലിൽ ആണ് ഞങ്ങൾ ഹാവ് ലോക്കിലേക്ക് പുറപെട്ടത്. ശീതീകരിച്ച രണ്ട് തട്ടുകളുളള കപ്പലിലെ യാത്ര രസകരമായിരുന്നു. മാക്രൂസിന്റെ താഴേ തട്ടിലുളള കോഫി ഷോപ്പിൽ നിന്നും ആവി പറക്കുന്ന കോഫിയും സമൂസയും കഴിച്ചുകൊണ്ട് കടലിന്റെ സൗന്ദര്യം ഞാൻ മതിയാവോളം ആസ്വദിച്ചു. മാക്രൂസിലെ സ്റ്റാഫ് കിരൺ എന്റെയടുത്ത് വന്ന് സൗഹൃദം പുതുക്കി. കോട്ടയം സ്വദേശിയായ കിരണിനെ കഴിഞ്ഞ യാത്രയിലാണ് പരിചയപ്പെട്ടത്.കിരൺ മാക്രൂസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി.”കപ്പലിലെ യാത്രികരിൽ കൂടുതലും യുവമിഥുനങ്ങളാണെന്നും ഹാവ് ലോക്ക് ഹണിമൂൺ ആഘോഷത്തിന്റെ പ്രധാന ഡസ്റ്റിനേഷനായി മാറിയിരിക്കുന്നുവെന്നും” കിരൺ എന്നോട് പറഞ്ഞു.

കപ്പലിലെ ടെലിവിഷനിൽ ആൻഡമാനെ കുറിച്ചുളള ടൂറിസ്റ് ഡോക്യൂമെന്ററി യാത്രകാരുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്. ഒന്നര മണിക്കൂർകൊണ്ട് അമ്പത്തി ഏഴ് കിലോമീറ്റർ പിന്നിട്ട് മാക്രൂസ് ഹാവ് ലോക്കിലെ ജെട്ടിയിലെത്തി.അടുത്ത കാലത്തായി കേന്ദ്ര സർക്കാർ ഹാവ് ലോക്ക് ദ്വീപിന്റെ പേര് സ്വരാജ് ദ്വീപ് എന്നാക്കി മാറ്റിയിട്ടുണ്ട്.ഹാവ് ലോക്ക് ജെട്ടിയുടെ പുറത്തുളള റോഡിൽ ട്രാവൽ ഏജൻസികാരുടെ ബഹളമാണ്. അവിടെ നിന്നും ഞങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത വാഹനത്തിൽ ഹാവ് ലോക്കിന് തെക്കുവശത്ത് 12 കി.മീറ്റർ അകലെ സ്ഥിതിചെയ്യുന്ന രാധാനഗർ ബീച്ചിലേക്ക് തിരിച്ചു. ഗോവ, കോവളം എന്നീ ബീച്ചുകളെ പോലെതന്നെയുളള ഒരു ബീച്ചെന്ന മുൻവിധിയോടെയാണ് എല്ലാവരും രാധാനഗർ ബീച്ചിൽ പ്രവേശിച്ചത്.

ബീച്ചിനോടനുബന്ധിച്ച് തകര ഷീറ്റുകൊണ്ട് നിർമ്മിച്ച ചെറിയ കുറേ കടകൾ ഇവിടെ കാണാം. രണ്ട് കി.മീറ്റർ നീണ്ട് കിടക്കുന്ന ബീച്ച് തായ്ലാന്റിലെയും ഫുക്കറ്റിലെയും ബീച്ചിനോളം കിടപിടിക്കുന്നതാണ്. 2004-ൽ ടൈം മാഗസിന്റെ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചിനുളള അംഗീകാരം രാധാനഗർ നേടിയിട്ടുണ്ടെന്ന് ഞങ്ങളുടെ ഗൈഡ് ജാക്കി പറഞ്ഞത് വെറുതെയല്ല. ബീച്ചിലെ വെളളത്തിലുളള പവിഴം പോലുളള മണൽതരിയുടെ കാഴ്ച്ച ഏവരുടെയും മനം നിറയ്ക്കും. ബീച്ചിനോട് ചേർന്നുളള വലിയ മരങ്ങളും ശാന്തമായ അന്തരീക്ഷവും രാധാനഗർ ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു. സഞ്ചാരികളുടെ തളളികയറ്റം തീരെ കുറഞ്ഞ ഈ ബീച്ചിൽ രണ്ട് മണിക്കൂർ നേരം ഞങ്ങൾ നീന്തി തിമിർത്തു. വൈകുന്നേരം 4.30- നുളള മാക്രൂസിൽ പോർട്ട് ബ്ലയറിലേക്ക് തിരിച്ചു. നല്ല മഴ കടലിനെ പ്രക്ഷുബ്ദമാക്കിയിട്ടുണ്ട്.

വലിയ തിരമാലകളെ തളളി മാറ്റി ഞങ്ങളുടെ ആഡംബര കപ്പൽ മുന്നോട്ട് കുതിച്ചു.കപ്പൽ നല്ലപോലെ ഇളകാൻ തുടങ്ങി. പിന്നീടങ്ങോട്ട് മാക്രൂസിലെ തൊഴിലാളികൾക്ക് പിടിപ്പതും പണി ഉണ്ടായി.സിക്നസ് ബാഗുകളിൽ ഛർദി നിറഞ്ഞു. തിരമാലകളുടെ ഗർജ്ജനം സഞ്ചാരികളുടെ മുഖത്ത് ഭയം ജനിപ്പിച്ചു.തിരിച്ച് പോർട്ട് ബ്ലയറിൽ എത്തുമ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു.മാക്രൂസിനോടും കിരണിനോടും യാത്ര പറഞ്ഞ് ഞങ്ങൾ പോർട്ട് ബ്ലയറിലെ റൂമിലെത്തി. സ്വാദിഷ്ടമായ അത്താഴം കഴിച്ചതിന് ശേഷം ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി.

മൂന്നാം ദിവസത്തെ യാത്ര പ്രകൃതി കനിഞ്ഞനുഗ്രഹിച്ച റോസ്സ് ദ്വീപിലേക്കായിരുന്നു.പോർട്ട് ബ്ലയറിലെ രാജീവ് ഗാന്ധി സ്പോർട്സ് കോംപ്ലക്സിലെ അബർദീൻ ജെട്ടിയിൽ നിന്നും ചെറിയ ബോട്ടുകളിലാണ് റോസ് ദ്വീപിലേക്ക് പോകേണ്ടത്.രാവിലെ മുതൽ തന്നെ സഞ്ചാരികളുടെ സാമാന്യം നല്ല തിരക്കുണ്ട്.ബോട്ടിന്റെ ടിക്കറ്റെടുത്തവർ തങ്ങൾക്ക് പോകാനുളള ഊഴം കാത്ത് നിൽക്കുകയാണ്. രാജീവ് ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നിന്നും 2 കി.മീറ്റർ കിഴക്കായാണ് റോസ്സ് ഐലന്റ് സ്ഥിതിചെയ്യുന്നത്.ഞങ്ങളെയും വഹിച്ച് സ്പീഡ് ബോട്ട് റോസ്സ് ദ്വീപിലേക്ക് കുതിച്ചു.അടുത്ത കാലത്തായി റോസ്സ് ദ്വീപിനെ സുഭാഷ് ചന്ദ്ര ബോസ് ഐലന്റെന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്.റോസ്സ് ഐലന്റിലെ ഭീമൻ തൂണിൽ പാറിപറക്കുന്ന ത്രിവർണ്ണ പതാക ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ്.

1941വരെ ആൻഡമാന്റെ ഭരണ കേന്ദ്രം ഈ ദ്വീപായിരുന്നു. 1789-ൽ ബ്രിട്ടീഷുകാർ ഇവിടെ കോളനി സ്ഥാപിക്കുമ്പോൾ’കിഴക്കിന്റെ പാരീസ്’ എന്നാണ് അവർ റോസ്സ് ദ്വീപിനെ വിളിച്ചിരുന്നത്.1941-ൽ ഉണ്ടായ ഭൂകമ്പം റോസ്സ് ദ്വീപിന് വലിയ പരിക്കേൽപ്പിച്ചിരുന്നു. ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ റോസ്സ് ദ്വീപിനെ പ്രേതനഗരമാക്കിയിരിക്കുന്നു. ഇടിഞ്ഞ് വീഴാറായ വലിയ പളളി, പവർ ഹൗസ്, ജല ശുദ്ധീകരണശാല, സെക്രട്ടറിയേറ്റ്, ബേക്കറി, സെമിത്തേരി എന്നിവയുടെ അവശിഷ്ടങ്ങൾ ഞങ്ങളിൽ ദുരന്ത സ്മരണകൾ ഉണർത്തി. പൊട്ടിപൊളിഞ്ഞ് വീഴാറായ എല്ലാ കെട്ടിടങ്ങളെയും ആൽമരത്തിന്റെ വേരുകൾ ഭ്രാന്തമായി ചുറ്റിവരിഞ്ഞിരിക്കുന്ന കാഴ്ചകൾ റോസ് ഐലന്റിനെ പ്രേത ദ്വീപാക്കുന്നു. ഒരു ചെറിയ കയറ്റം കയറി ഞങ്ങൾ പൊളിഞ്ഞ് വീഴാറായ പളളിയുടെ അടുത്തെത്തി. പളളിയുടെ സമീപത്തായി ധാരാളം മാനുകളെയും മയിലുകളെയും കാണാനിടയായി. മനുഷ്യവാസമില്ലാത്ത ദ്വീപിന്റെ ഇപ്പോഴത്തെ അവകാശികൾ ഇവരൊക്കെയാണ്. ഒരു കാലത്ത് ബ്രിട്ടീഷുകാർക്ക് ഏറ്റവും ഇഷ്ടമുളള ഇടമായിരുന്നു റോസ്സ് ഐലന്റ്. ജലജന്യരോഗങ്ങളും ജപ്പാന്റെ ആക്രമണവും ഭൂകമ്പവും കാരണം റോസ് ദ്വീപിൽ നിന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ താമസം പോർട്ട് ബ്ലയറിലേക്ക് മാറ്റേണ്ടതായിവന്നു.

പ്രിയ എഴുത്തുകാരനായ പി.സുരേന്ദ്രന്റെ ഗ്രാമപാതകൾ എന്ന കൃതിയിൽ റോസ്സ് ദ്വീപിലെ സെമിത്തേരിയിലെ ഒരു കുഞ്ഞു ശവകല്ലറയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അത് കണ്ടെത്താനായി പളളിക്കപ്പുറത്തുളള സെമിത്തേരിയിലേക്ക് ഞാൻ തനിച്ച് നടന്നു. ഞാൻ അന്വേഷിച്ചു നടന്ന കുഞ്ഞ് ശവകല്ലറ സെമിത്തേരിയുടെ ഒരു മൂലയിൽ കണ്ടു.


22 മണിക്കൂർ മാത്രം ജീവിച്ച ലോറൻസിന്റെ ശവകുടീരത്തിന്റെ മുകളിൽ ചെളി പിടിച്ചിരിക്കുന്നു.ഞാൻ എന്റെ ബാഗിലെ കടലാസ്കൊണ്ട് ശവമാടത്തിലെ എഴുത്തിൽ പറ്റിപിടിച്ചിരിക്കുന്ന മണ്ണ് മായ്ച്ചുകളയാൻ ശ്രമിച്ചു.ഈ ഭൂമിയിൽ 22 മണിക്കൂർ മാത്രം ജീവിച്ച ലോറൻസിന്റെ ശവമാടത്തിൽ എഴുതിവെച്ച കണ്ണിംഗ്ഹാമിന്റെ വരികൾ ഇപ്പോൾ വ്യക്തമായി വായിക്കാം…

‘He glanced into our world to see a sample of our misery, then turned away his languid eye, to drop a tear or two and die’ ഞാൻ അവിടെ നിന്നും മുന്നോട്ടേക്ക് നടന്നു. ബോട്ട് ഞങ്ങളെയും കാത്ത് റോസ്സ് ദ്വീപിന്റെ മുന്നിൽ തന്നെയുണ്ട്.അടുത്ത കേന്ദ്രമായ നോർത്ത് ബേ ഐലന്റിലേക്ക് ബോട്ട് പുറപെട്ടു. ഇരുപത് രൂപ നോട്ടിന്റെ പുറകിൽ കാണുന്ന ചിത്രം നോർത്ത് ബേയുടേതാണ്. സ്കൂബ ഡൈവേർസിന്റെയും സ്നോർക്ക്ലേഴ്സിന്റെയും പറുദീസയാണ് നോർത്ത് ബേ.ആൾ താമസമില്ലാത്ത ദ്വീപാണിത്.ഞാൻ സ്കൂബ ഡൈവിങ്ങിനായി തയ്യാറെടുത്തു. ഒരാൾക്ക് 3500 രൂപയാണ് സ്കൂബ ഡൈവിങിനുളള ചാർജ്ജ്. സ്കൂബ ഡൈവിങിന്റെ സ്യൂട്ടുധരിച്ചുകൊണ്ട് ഞാൻ ട്രെയിനറുടെ കൂടെ കടലിലേക്കിറങ്ങി. എന്റെ പുറകിൽ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. സ്കൂബ ട്രെയിനർ എന്നെയും കൊണ്ട് കടലിന്റെ ആഴങ്ങളിലേക്ക് നീങ്ങി.പവിഴ പുറ്റുകളും വിവിധ നിറത്തിലുളള മീനുകളും എന്റെ കണ്ണിനുമുന്നിൽ…!! ജെൽ ഫിഷുകൾ എന്റെ കൈയിൽ തഴുകി ഇക്കിളിപെടുത്തി..

കടലിന്റെ അകം എത്ര സുന്ദരമാണ്.. കടൽ ഹൃദയം തുറന്ന് എന്നോട് പലതും സംസാരിക്കുന്നതുപോലെ..!! ട്രെയിനറുടെ കൈയ്യിലുളള ഗോപ്രോ ക്യാമറയിൽ എന്റെ കടൽ ചിത്രങ്ങൾ പതിഞ്ഞു.ചെവിയിൽ സമ്മർദ്ധം കൂടി വരുന്നതുപോലെ അനുഭവപെടാൻ തുടങ്ങി. ട്രെയിനറുടെ സഹായത്തോടെ ഞാൻ പെട്ടെന്ന് കരയിലേക്ക് നീങ്ങി.
സ്കൂബ ഡൈവിങ്ങ് മികച്ച അനുഭവമാണ് നൽകിയത്. സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനായി തകര ഷീറ്റ്കൊണ്ട് നിർമ്മിച്ച ചെറിയ നാലോളം കടകൾ ഇവിടെയുണ്ട്.
ആൻഡമാൻ സ്പെഷ്യൽ മീൻ കറിയും നല്ല ഊണും ഇവിടെ ലഭിക്കും.കടലിൽ ഇറങ്ങിയതുകൊണ്ട് എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി മൊയ്തീനിന്റെ കടയിൽ നിന്നും മീൻ കറിയും ചോറും വയറ് നിറയെ കഴിച്ചു.

ജലവിനോദത്തിന്റെ പറുദീസയായ നോർത്ത് ബേയിൽ നിന്നും വൈകുന്നേരം നാല് മണിയോടെ ഞങ്ങൾ താമസസ്ഥലത്തേക്ക് തിരിച്ചു.ഹോട്ടലിൽ നിന്നും നല്ല എരിയുളള ചിക്കൻ സൂപ്പ് കുടിച്ച് റൂമിൽ വിശ്രമിച്ചു. നാളെ അതിരാവിലെ ബരാതാങ്ങിലേക്ക് പുറപെടേണ്ടതിനാൽ ഉറക്കം നേരത്തെയാക്കി. പുലർച്ചെ മൂന്ന് മണിക്ക് ഞങ്ങൾ ബരാതാങ്ങിലേക്ക് പുറപ്പെട്ടു. അതിരാവിലെയുളള യാത്ര കാരണം പലരുടെയും മുഖത്ത് ഉൻമേഷക്കുറവ് പ്രകടമാണ്. പോർട്ട് ബ്ലെയർ മുതൽ ദിഗ്ലിപുർ വരെ നീളുന്ന ഹൈവേയായ ഗ്രാന്റ് ട്രങ്ക് റോഡിലൂടെയാണ് യാത്ര. പൊട്ടിപൊളിഞ്ഞ ഗ്രാന്റ് ടങ്ക് റോഡിലൂടെ ഞങ്ങളുടെ ശകടം പതുക്കെ നീങ്ങി. അഞ്ചുമണിക്ക് ജിർകാതാങ് ചെക്ക് പോസ്റ്റിൽ എത്തി. പുറത്ത് നല്ല വെളിച്ചമുണ്ട്. ആൻഡമാനിൽ രാവിലെ അഞ്ച് മണിയാകുമ്പോഴേക്കും സൂര്യപ്രകാശത്തിന്റെ ആദ്യകിരണങ്ങൾ എത്തി തുടങ്ങും. ഞാൻ ബസിൽ നിന്നും പുറത്തിറങ്ങി.
ചെക്ക്പോസ്റ്റിൽ ഞങ്ങളുടെ വാഹനത്തിന് പുറകിൽ സഞ്ചാരികളുടെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജിർകാതാങ് ചെക്ക് പോസ്റ്റിന്റെ റോഡിനിരുവശത്തും ധാരാളം ചെറിയ തട്ടുകടകളുണ്ട്. തമിഴ് സംസാരിക്കുന്ന ഒരു ചേച്ചിയുടെ കടയിൽ നിന്നും ചൂട് ചായയും വടയും കഴിച്ചപ്പോൾതന്നെ എന്റെ ഉറക്കച്ചടവ് പകുതിയും മാറികിട്ടി. ജിർകാതാങ് റിസർവ്‌ ഫോറസ്റ്റിലൂടെ ഇനിയും ഒരുപാട് സമയം യാത്ര ചെയ്ത് വേണം ബറാതാങ്ങിലെത്താൻ. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ആദിവാസി വിഭാഗമായ ജറാവാ ഗോത്രത്തിൽപ്പെടുന്ന 250 മുതൽ 400 വരെ ആളുകൾ ഉൾക്കാടുകളിൽ താമസിക്കുന്ന പ്രദേശം കൂടിയാണ് ജിർകാതാങ് റിസർവ് ഫോറസ്റ്റ്. നിഗ്രിറ്റോ വംശത്തിൽപ്പെട്ട ജറാവകളുടെ ഭാഷ അകാ ബിയാ ആണ്.ബരാതാങ്ങിലേക്ക് പോകുന്ന വഴിയിൽ ചിലപ്പോൾ ജറാവകൾ പ്രത്യക്ഷപ്പെടാമെങ്കിലും അവരോടുള്ള സമ്പർക്കം ഇന്ത്യ ഗവൺമെന്റ് നിയമംമൂലം വിലക്കിയിരിക്കുകയാണ്.ജിർകാതാങിൽ നിന്നും കോൺവോയ് ആയി മാത്രമെ വാഹനങ്ങളെ കടത്തി വിടുകയുളളൂ.

ഒരു ദിവസം മൂന്ന് പ്രാവശ്യം മാത്രമാണ് യാത്രാനുവാദം. യാത്രയിൽ വാഹനങ്ങൾ നിർത്തിയിടാനൊ ഓവർ ടേക്കിങ്ങോ പാടില്ല. ഫൊട്ടോഗ്രഫിക്കും പ്ലാസ്റ്റിക്കിനും കർശന നിരോധനമാണ് ജറാവാ വന മേഖലയിൽ. ആറ് മണിക്ക് ചെക്ക് പോസ്റ്റിൽ നിന്നുളള പരിശോധന പൂർത്തിയായതിന് ശേഷം വാഹനങ്ങൾ വരിവരിയായി നീങ്ങി തുടങ്ങി. ഒരു ജറാവായെ എങ്കിലും കാണണം എന്നുള്ള ആഗ്രഹം കാരണം ഞങ്ങളുടെ കണ്ണുകൾ വിശ്രമമില്ലാതെ ജറാവയെ പരതിനടന്നു. ഞങ്ങളുടെ വാഹനം പതുക്കെ നീങ്ങികൊണ്ടിരിക്കുമ്പോൾ റോഡിന്റെ വലതുവശത്തേക്ക് നോക്കാൻ ഡ്രൈവർ ഹുസൈൻ ആവശ്യപ്പെട്ടു. കറുത്ത നിറവും ഉറച്ച ശരീരവും കുറ്റി തലമുടിയുമുളള ഒരു ജറാവ ഞങ്ങളുടെ വാഹനത്തിന് നേരെ അമ്പെയ്യാനായി ഓങ്ങി നിൽക്കുന്നു..!!

എന്റെ ശരീരത്തിലൂടെ ഭയം അരിച്ചിറങ്ങി. വിഷംപുരട്ടിയ അമ്പ് ശരീരത്തിൽ തുളച്ചു കയറിയാലുളള അവസ്ഥ ഓർത്തപ്പോൾ ഭയം കാരണം എന്റെ ശരീരമാകെയൊന്നു വിറച്ചു.!!
ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. ഞങ്ങളുടെ വാഹനം മുന്നോട്ടേക്ക് നീങ്ങി. ജറാവകളിൽ ചിലർ ഇപ്പോഴും ആദിമമനുഷ്യരുടെ ജീവിത രീതികൾതന്നെയാണ് പിന്തുടരുന്നത്. എന്നാൽ ജറാവകളിൽ കുറച്ച് പേർ പുറംലോകവുമായി ബന്ധപെട്ട് ജീവിതം നയിക്കാൻ തുടങ്ങിയിരിക്കുന്നു. കാട്ടിലൂടെയുള്ള ഞങ്ങളുടെ യാത്ര ചെന്നെത്തിയത് ആന്‍ഡമാനിന്റെ മധ്യഭാഗത്തുള്ള മിഡില്‍ സ്‌ട്രൈറ്റ് ജെട്ടിയിലാണ്. ഇവിടുന്ന് നിലമ്പൂര്‍ ജെട്ടിയിലേക്ക് ഫെറിയിൽ യാത്ര ചെയ്യണം.


ഹോൺ മുഴക്കികൊണ്ട് പടുകൂറ്റൻ ജങ്കാർ കൃത്യസമയത്ത് മിഡിൽ സ്ട്രെയിറ്റ് ജെട്ടിയിലെത്തി. വലിയ ബസ്സുകൾ, ചെറു വാഹനങ്ങൾ, മനുഷ്യർ എന്നിങ്ങനെ സകലതിനെയും വഹിച്ചുകൊണ്ട് ജങ്കാർ നിലമ്പൂർ ജെട്ടിയിലേക്ക് നീങ്ങി. ഏകദേശം പത്ത് മിനുട്ട് കൊണ്ട് ജങ്കാർ നിലമ്പൂര്‍ ജെട്ടിയില്‍ എത്തി.

ബറാതാങ്ങിലെ ലൈം സ്റ്റോൺ കേവ് കാണാൻ നിലമ്പൂർ ജട്ടിയിൽ നിന്നും ടിക്കറ്റെടുത്ത് സ്പീഡ് ബോട്ടിൽ കയറി സാഹസിക യാത്ര ആരംഭിച്ചു. കണ്ടൽ കാടുകൾ തിങ്ങി നിറഞ്ഞ വഴികളിലൂടെ സ്പീഡ് ബോട്ട് മുന്നോട്ട് കുതിച്ചു.

വലിയ വേരുകളുളള കണ്ടൽ ചെടികൾ നിറഞ്ഞ ചെറുകൈവഴികൾ താണ്ടി ഞങ്ങളുടെ ബോട്ട് ഒരു മരപാലത്തിന് സമീപം എത്തിച്ചേര്‍ന്നു. അവിടെ നിന്നും ഒന്നര കിലോമീറ്റർ വനപ്രദേശത്തിലൂടെ സഞ്ചരിച്ചാൽ ലൈം സ്റ്റോൺ ഗുഹയിൽ എത്താം.വലിയ മരങ്ങൾ തിങ്ങിനിറഞ്ഞ ഇടവഴി പിന്നിട്ട് ഒരു വയലിന്റെ കരയിലെത്തി. ഞങ്ങളിപ്പോൾ ‘നയദര’എന്ന കൊച്ചു ഗ്രാമത്തിലാണുളളത്. എട്ടോളം കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന നയദര ഗ്രാമത്തിൽ വൈദ്യുതിയും മൊബൈൽ നെറ്റ് വർക്കും ഇല്ല.ഓലമേഞ്ഞ വീടിന്റെ മുറ്റത്ത് ധാന്യങ്ങൾ ഉണക്കാനിടുന്ന പ്രായമായ സ്ത്രീയുടെ ചിത്രം പകർത്താനായി ഞാൻ എന്റെ ക്യാമറയുമായി അവരുടെ അടുത്തേക്ക് പോയി.ഓല വീടിന്റെയും വയലിന്റെയും പശ്ചാത്തലത്തിൽ അവരുടെ കുറച്ച് പടം ഞാനെടുത്തു. ഈ ഗ്രാമത്തിലെ അന്തേവാസികളിൽ ഭൂരിഭാഗം പേരും ഗുഹ കാണാനെത്തുന്ന സഞ്ചാരികൾക്കു നാരങ്ങ വെളളവും കക്കിരിയും വിറ്റിട്ടാണ് ജീവിക്കാനുളള വരുമാനം കണ്ടെത്തുന്നത്.

കുറച്ചു കൂടി മുൻപിലേക്കു നടന്നപ്പോൾ ‘ലൈംസ്റ്റോൺ ഗുഹ’ എന്ന ബോര്‍ഡ് കണ്ടു. ചുണ്ണാമ്പു കല്ലുകളാൽ നിർമിതമായ ഇടുങ്ങിയ ഒരു ഇടനാഴിയിലൂടെയാണ് ഗുഹയിലേക്ക് കടക്കുന്നത്. കടൽ ജീവികളുടെ പുറം തോടുകളും അസ്ഥികൂടങ്ങളും പവിഴപുറ്റുകളും സമുദ്രാന്തർ ഭാഗത്ത് അടിഞ്ഞു കൂടി ദശലക്ഷണക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ചുണ്ണാമ്പു കല്ലുകൾ രൂപപ്പെടുന്നത്.മേഘാലയിൽ യാത്ര പോയപ്പോൾ ഇതുപോലത്തെ ചുണ്ണാമ്പു ഗുഹ കണ്ടിരുന്നു. ചുണ്ണാമ്പ് ഗുഹയുടെ കാഴ്ച്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ തിരിച്ച് പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ടു.വളരെ വൈകിയാണ് റൂമിലെത്തിയത്. ആൻഡമാൻ യാത്രയുടെ അവസാന ദിവസമാണിന്ന്.പ്രാതൽ കഴിച്ചതിന് ശേഷം ഞങ്ങൾ ചാത്തം ദ്വീപിലേക്കാണ് പോയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ തടിമില്ലെന്ന് അറിയപ്പെട്ട ചാത്തം സോമില്ലിലേക്കുളള പാലത്തിലേക്ക് ഞങ്ങളുടെ വണ്ടി പ്രവേശിച്ചു.


വലിയ ഗേറ്റിലൂടെ ഞങ്ങൾ ചാത്തം സോമില്ലിനകത്തേക്ക് കയറി.മില്ലിന് സമീപത്ത് ചെറിയ ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നുണ്ട്.അവിടെ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ചാത്തം സോമില്ലിന്റെ ഏകദേശ ചരിത്രം എന്റെ മനസ്സിൽ രൂപപ്പെട്ടു. ബ്രിട്ടീഷ് താവളത്തിനുവേണ്ടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും സെല്ലുലാര്‍ ജയിലിന്റെ നിര്‍മ്മാണത്തിനുമായി തടി ആവശ്യമാണെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. അതിനായി ചാത്തം ദ്വീപില്‍ ഒരു തടിമില്ലിന്റെ പണി 1883-ല്‍ തുടങ്ങി. ബ്രിട്ടനില്‍ നിന്ന് മെഷീനുകള്‍ ഇറക്കുമതി ചെയ്ത് മില്ലില്‍ സ്ഥാപിച്ചു. വര്‍ഷത്തില്‍ ധാരാളം മരങ്ങള്‍ മുറിച്ച് വിവിധ ആവശ്യങ്ങള്‍ക്കായുള്ള പലകകളും നിര്‍മ്മിക്കാന്‍ ശേഷിയുള്ള മില്ലില്‍ അഞ്ഞൂറോളം ജോലിക്കാരേയും ബ്രിട്ടൻ നിയമിച്ചിരുന്നു. 1942 വരെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തടിമില്ലായിരുന്നു ചാത്തം സോമില്‍. 1942 മാര്‍ച്ച് 10-ന് ജാപ്പനീസ് പട്ടാളം ആകാശത്തുനിന്ന് ബോംബുവര്‍ഷം നടത്തി. 200-ലധികം തൊഴിലാളികള്‍ കൊല്ലപ്പെട്ട ബോംബാക്രമണത്തില്‍ ചാത്തം സോമില്‍ തകര്‍ന്നു തരിപ്പണമായി. ചാത്തം ദ്വീപ് ശവപ്പറമ്പായി മാറി. യുദ്ധത്തില്‍ വിജയം കണ്ട ജാപ്പനീസ് പടയാളികള്‍ പോര്‍ട്ട്ബ്ലെയറിന്റെ നിയന്ത്രണം ഏറ്റെടുത്തു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ചാത്തം സോമില്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു.
ബോംബാക്രമണത്തില്‍ തകര്‍ന്ന മരപ്പാലം പൊളിച്ചുമാറ്റി ആധുനിക കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചു.മില്‍ പുനര്‍നിര്‍മ്മിക്കുകയും മെഷീനറികള്‍ കേടുപാടു മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്തു.പുതിയ തൊഴിലാളികളെ നിയമിച്ചു. അങ്ങനെ പൂര്‍വ്വ പ്രതാപത്തിലേക്ക് ചാത്തം സോമില്‍ പതുക്കെ തിരിച്ചുവന്നു.

ഞങ്ങൾ ചാത്തം സോമില്ലിന്റെ അകത്തേക്ക് പ്രവേശിച്ചു.അവിടെ തൊഴിലാളികൾ ഒരു വലിയ മരം ഈർന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ചാത്തം സോമില്ലിൽ നിർമ്മിച്ച മരപ്പലകകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റേയും ബ്രിട്ടീഷ്-ജാപ്പനീസ് ക്രൂരതകളുടേയും അതിജീവനത്തിന്റെയുമെല്ലാം സ്മാരകമാണ് ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ലായ ചാത്തം. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ പോർട്ട് ബ്ലെയർ എയർപ്പോർട്ടിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1.30-നാണ് ഞങ്ങൾക്ക് തിരിച്ചു പോകാനുളള ഫ്ലൈറ്റ്. വിമാനം പറന്നു തുടങ്ങി തുടങ്ങി..താഴെ പച്ചപരവതാനി വിരിച്ചതുപോലുളള വിവിധ ദ്വീപുകളുടെ കാഴ്ച്ചകൾ കണ്ണിൽ നിന്നും അകന്നു തുടങ്ങി.. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ ഭൂപ്രദേശങ്ങൾ, പുതിയ മനുഷ്യർ, പുതിയ സൗഹൃദങ്ങൾ.. യാത്ര തുടരുകയാണ്.

RELATED ARTICLES

2 Comments

  1. Shinith sir Big salute.Thank u very much. The information u hv provided about Ur trips it’s very valuable.

Comments are closed.

Most Popular

%d bloggers like this: